നെടുമ്പാശ്ശേരി എയർപോർട്ടിന് അടുത്ത് പുതിയ റെയിൽവേ സ്റ്റേഷൻ; 19 കോടി ചെലവ്, ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകും

കൊച്ചി വിമാനത്താവളത്തിന് സമീപം പുതിയ റെയിൽവേ സ്റ്റേഷൻ വരുന്നു. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ എൻ സിംഗ് സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കാൻ നിർദേശം നൽകി. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 19 കോടി രൂപയാണ് ചെലവ്.
കരാർ ക്ഷണിച്ച് ഒരു വർഷത്തിനകം പൂർത്തിയാക്കാനാണ് ലക്ഷ്യം. നേരത്തെ ഇ അഹമ്മദ് കേന്ദ്രമന്ത്രിയായിരിക്കെ 2010ൽ നെടുമ്പാശ്ശേരിയിൽ റെയിൽവേ സ്റ്റേഷന് തറക്കല്ലിട്ടിരുന്നു. എന്നാൽ പദ്ധതി മുന്നോട്ടുപോയില്ല. അടുത്തിടെ ലോക്‌സഭയിൽ വിഷയം ഉയർന്നുവന്നു. പിന്നാലെയാണ് റെയിൽവേയുടെ നീക്കം
സ്റ്റേഷന്റെ സ്ഥാനം വിമാനത്താവളത്തിന് മുന്നിലെ സോളാർ പാടത്തിന്റെ ഭാഗത്തേക്ക് നീക്കിയിട്ടുണ്ട്. ട്രാക്കിന് സമീപം ഇരുവശത്തും റെയിൽവേയുടെ ഭൂമിയും ലഭ്യമാണ്. അത്താണി ജംഗ്ഷൻ-എയർപോർട്ട് റോഡിലെ മേൽപ്പാലം കഴിഞ്ഞാകും പ്ലാറ്റ്‌ഫോം തുടങ്ങുക. 24 കോച്ച് ട്രെയിനുകൾ നിർത്താനാകുന്ന രണ്ട് പ്ലാറ്റ്‌ഫോമുകൾ നിർമിക്കും
രണ്ട് വന്ദേഭാരത് ട്രെയിനുകൾക്കും ഇന്റർസിറ്റി ട്രെയിനുകൾക്കം അടക്കം സ്‌റ്റോപ്പുണ്ടാകും. പ്ലാറ്റ്‌ഫോമിൽ നിന്ന് പുറത്തേക്കിറങ്ങുന്നത് റൺവേയുടെ അതിർത്തിയിലേക്ക് ആയിരിക്കും. മേൽപ്പാലത്തിന് താഴെയുള്ള ചൊവ്വര-നെടുവന്നൂർ റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ വിമാനത്താവളത്തിലെത്തും. ഈ റൂട്ടിൽ ഇലക്ട്രിക് ബസ് ഏർപ്പെടുത്തുമെന്ന് സിയാൽ അറിയിച്ചിട്ടുണ്ട്.