ആത്മഹത്യയെന്ന് കരുതിയ മരണം; നാല് വയസുകാരി മകൾ വരച്ച ചിത്രം തെളിയിച്ചത് കൊലപാതക വിവരം

യുവതിയുടെ ആത്മഹത്യയാണെന്ന് കരുതിയ മരണം കൊലപാതകമെന്ന് തെളിഞ്ഞു. അന്വേഷണത്തിൽ നിർണായകമായത് നാല് വയസുകാരി മകൾ വരച്ച ചിത്രം. യുപി ഝാൻസിയിലെ കോട് വാലി പ്രദേശത്തിന് കീഴിലുള്ള പഞ്ചവടി ശിവ് പരിവാർ കോളനിയിലെ സോനാലി ബേധോലിയ(27) എന്ന യുവതിയാണ് മരിച്ചത്
ഭർത്താവ് സന്ദീപ് ബുധോലിയ ആണ് സൊനാലിയെ കൊലപ്പെടുത്തിയതെന്ന സംശയമുണ്ടാക്കിയത് മകൾ വരച്ച ചിത്രവും കുട്ടിയുടെ മൊഴിയുമാണ്. സൊനാലി തൂങ്ങിമരിച്ചതെന്നാണ് ഭർതൃവീട്ടുകാർ പറഞ്ഞിരുന്നത്. ഇതിന് ശേഷം മകൾ ദർശിത സൊനാലിയുടെ കുടുംബത്തോടൊപ്പമായിരുന്നു.
കഴിഞ്ഞ ദിവസം ദർശിത ഒരു ചിത്രം വരച്ചത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. കഴുത്തിൽ കയറിട്ട നിലയിലുള്ള ഒരു രൂപമാണ് കുട്ടി വരച്ചത്. ഇതേ കുറിച്ച് ചോദിച്ചപ്പോഴാണ് പപ്പ മമ്മിയെ തല്ലി, തലയിൽ കല്ല് കൊണ്ട് അടിച്ച ശേഷം കെട്ടിത്തൂക്കിയെന്ന് കുട്ടി പറഞ്ഞത്
പപ്പ മമ്മിയെ എപ്പോഴും തല്ലാറുണ്ട്. ഒരു ദിവസം കരഞ്ഞ തന്നെയും പപ്പ തല്ലി. സംസാരിച്ചാൽ അമ്മയെ പോലെ തന്നെയും ഉപദ്രവിക്കുമെന്ന് പപ്പ പറഞ്ഞതായും കുട്ടി പറഞ്ഞു. ഇതോടെയാണ് വീട്ടുകാർ പരാതി നൽകിയത്.