ജിതിന്റേത് രാഷ്ട്രീയ കൊലപാതകം; ബിജെപി കൈകഴുകാനാണ് ശ്രമിക്കുന്നതെന്ന് സിപിഎം

പത്തനംതിട്ട മടത്തുംമൂഴിയിലെ സിഐടിയു പ്രവർത്തകൻ ജിതിന്റെത് രാഷ്ട്രീയ കൊലപാതകമെന്ന് ആവർത്തിച്ച് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. മൃഗീയമായ കൊലപാതകമാണ് പ്രതികൾ നടത്തിയത്. പ്രതികൾക്കെതിരെ സിപിഎം ലോക്കൽ കമ്മിറ്റിക്ക് നേരത്തെ സമരം ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും രാജു എബ്രഹാം പറഞ്ഞു
പ്രതികളിലൊരാളായ നിഖിലേഷിന് സിപിഎമ്മുമായോ സിഐടിയുമായോ ഒരു ബന്ധവുമില്ല. സംഭവത്തിൽ ബിജെപി കൈകഴുകാൻ ശ്രമിക്കുകയാണ്. ഗുണ്ടാ സംഘത്തിനല്ലാതെ ഇങ്ങനെയൊരു കൊലപാതകം നടത്താനാകില്ല. പെരുനാട്ടിലെ ബിജെപി, ആർഎസ്എസ് പ്രവർത്തനങ്ങളിൽ മുൻനിരയിലുള്ള ആളാണ് മുഖ്യപ്രതിയായ വിഷ്ണു. ഇയാൾ നാട്ടിലെ അറിയപ്പെടുന്ന ക്രിമിനലാണെന്നും രാജു എബ്രഹാം പറഞ്ഞു
രാഷ്ട്രീയ സംഘർഷങ്ങൾ പരസ്യമായി ഉണ്ടായാൽ മാത്രമേ പോലീസ് ആ രീതിയിൽ കേസെടുക്കുകയുള്ളു. ജിതിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് പോലീസ് രേഖപ്പെടുത്താതത് അക്കാരാണത്താലാണ്. ജിതിൻ സിഐടിയുവിന്റെയും ഡിവൈഎഫ്‌ഐയുടെയും പ്രധാന പ്രവർത്തകനാണ്. ജിതിനെ കുത്തിയത് ആർഎസ്എസിന്റെ പ്രധാനപ്പെട്ട നേതാവാണെന്നും രാജു എബ്രഹാം പറഞ്ഞു.