NationalTechnology

പ്രൊമോഷണൽ കോളുകൾ ഓവറായാൽ പിഴ വരും: നിയന്ത്രണങ്ങൾ കർശനമാക്കി ട്രായ്

ഓരോ വ്യക്തിയുടെയും നിത്യ ജീവിതത്തിന്റെ ഭാഗമാണ് സ്മാർട്ട് ഫോണുകൾ. അനുദിനം വളുന്ന സ്മാർട്ട് ഫോൺ, ടെലികോം മേഖലയിൽ തട്ടിപ്പുകളും വ്യാജ കോളുകളും പ്രൊമോഷണൽ കോളുകളും സ്പാം കോളുകളും സർവ സാധാരണമാണ്. ഇതിൽ നിന്ന് രക്ഷപ്പെടാൻ സ്വയം ബോധവാത്മാരാവുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. സ്പാം കോളുകൾ വരുമ്പോൾ അത് തിരിച്ചറിയാനും ക്രിത്യമായ കൈകാര്യം ചെയ്യാനും ആദ്യം പഠിച്ചിരിക്കണം. ഇതിന് പുറമെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) യുടെ ഇടപെടലുകളും ശക്തമാണ്. സ്പാം കോളുകൾ, സന്ദേശങ്ങൾ എന്നിവയുടെ ശല്യം ഒഴിവാക്കാനായി നിയമങ്ങൾ ശക്തമാക്കുകയും നടപടിയെടുക്കുകയും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടാവാറുണ്ട്.

വ്യക്തിയുടെ സമ്മതമില്ലാതെ വരുന്ന മാർക്കറ്റിങ് അല്ലെങ്കിൽ പരസ്യ കോളുകൾക്ക് കർശന നിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നിയന്ത്രണങ്ങൾ ശക്തമാക്കിയതായി ട്രായ് അധികൃതർ വ്യക്തമാക്കിയിരുന്നു. ഇത്തരം കോളുകൾക്ക് പത്ത് ലക്ഷം രൂപ വരെ പിഴ ഈടാക്കും. വ്യക്തിയുടെ സ്വകാര്യതക്കും സമയത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നൽകിയാണ് ട്രായ് നിമങ്ങൾ കർശനമാക്കാൻ തീരുമാനിച്ചത്.

നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി മാർക്കറ്റിങ് കോളുകൾ ഒഴിവാക്കാനും ഇഷ്ടത്തിനനുസരിച്ച് തീരുമാനിക്കാനുമായി ഡു നോട്ട് ഡിസ്റ്റർബ് (DND) ആപ്പും അവതരിപ്പിച്ചിട്ടുണ്ട്.
ടെലികോം കൊമേഴ്ഷ്യൽ കമ്മ്യൂണിക്കേഷൻ കസ്റ്റമർ പ്രിഫറൻസ് റെഗുലേഷൻസ് (TCCCPR) പ്രകാരമുള്ള ഏറ്റവും പുതിയ മാർഗനിർദേശങ്ങൾ പ്രകാരം ആവശ്യപ്പെടാത്ത വാണിജ്യ ആശയവിനിമയങ്ങൾക്ക് (UCC) 2 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ പിഴ ചുമത്തും.

സാമ്പത്തികവുമായി ബന്ധപ്പെട്ട മാർക്കറ്റിങ് കോളുകളോ സന്ദേശങ്ങളോ ആണെങ്കിൽ ആദ്യഘട്ടത്തിൽ 2 ലക്ഷം രൂപയാണ് പിഴ ഈടാക്കുക. രണ്ടാമത്തെ ലംഘനത്തിന് 5 ലക്ഷം രൂപയും ആവർത്തിച്ചുള്ള നിയമ ലംഘനങ്ങൾക്ക് പരമാവധി 10 ലക്ഷം രൂപയും പിഴ ഈടാക്കും. ഇതിന് പുറമെ പ്രൊമോഷണൽ സന്ദേശങ്ങൾ തടയുന്നതിനും പരാതികൾ റിപ്പോർട്ട് ചെയ്യാനും പരാതികളുടെ നില ട്രാക്ക് ചെയ്യുന്നതിനുമുള്ള സൗകര്യം DND ആപ്പിൽ സജ്ജമാണ്.

മൊബൈൽ നമ്പറിലേക്ക് വരുന്ന കോളുകൾക്കും സന്ദേശങ്ങൾക്കും മാത്രമാണ് ഈ നിയമങ്ങൾ ബാധകമാകുന്നത്. വാട്‌സ്ആപ്പ് പോലുള്ള ഒടിടി ആപ്പുകൾ ഈ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി മൊബൈൽ ഉപയോക്താക്കൾക്ക് വാണിജ്യ സന്ദേശങ്ങൾ തിരിച്ചറിയുന്നതിനുള്ള വഴിയും പുതിയ മാർഗനിർദേശങ്ങളിലുണ്ട്

രജിസ്റ്റർ ചെയ്ത ടെലിമാർക്കറ്റർമാരുടെ സന്ദേശങ്ങളുടെ പേരുകൾ ഇനി മുതൽ ‘-P’, ‘-S’, ‘-T’, ‘-G’ എന്നിവയിലാണ് അവസാനിക്കുക. ഇവ യഥാക്രമം പ്രമോഷണൽ, സേവനം, ഇടപാട്, സർക്കാർ സന്ദേശങ്ങൾ എന്നിവയെയാണ് സൂചിപ്പിക്കുന്നത്. ഈ നിർദ്ദിഷ്ട തലക്കെട്ടുകൾ ഇല്ലാത്ത ഏതൊരു സന്ദേശവും തട്ടിപ്പാണെന്ന് കണക്കാക്കപ്പെടും.

നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി ഉപയോക്താക്കൾക്ക് താൽപ്പര്യമില്ലാത്ത മർക്കറ്റിങ് കോളുകളോ സന്ദേശങ്ങളോ റിപ്പോർട്ട് ചെയ്യാൻ അനുവദിച്ചിരുന്ന സമയം ഏഴ് ദിവസമായി നീട്ടുകയും ചെയ്തു. നേരത്തെ മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യണമായിരുന്നു. കൂടാതെ, ടെലികോം കമ്പനികൾക്ക് പരാതികൾ പരിഹരിക്കാനുള്ള സമയപരിധി 30 ദിവസത്തിൽ നിന്ന് അഞ്ച് ദിവസമായി കുറക്കുകയും ചെയ്തിട്ടുണ്ട്. മൊബൈൽ ഉപയോക്താക്കൾക്ക് പരാതികളിൽ വേഗത്തിലുള്ള നടപടി ഉറപ്പാക്കാൻ കഴിയും.

വ്യക്തിഗത നമ്പറുകളിൽനിന്ന് ടെലിമാർക്കറ്റിങ്ങുകാർ സ്പാം കോളുകൾ വിളിക്കുകയും സന്ദേശം അയക്കുകയും ചെയ്യുന്നപക്ഷം ആ നമ്പറുകൾ ഡിസ്‌കണക്ട് ചെയ്യുമെന്ന് ട്രായ് കഴിഞ്ഞ വർഷം തന്നെ അറിയിച്ചിരുന്നു. സ്പാം കോളുകളും സന്ദേശങ്ങളും അയക്കുന്ന നമ്പറുകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയായിരുന്നു നിയമ നടപടികൾ സ്വീകരിച്ചിരുന്നത്.

Related Articles

Back to top button
error: Content is protected !!