തരൂരിലിടഞ്ഞ് കേന്ദ്രം; ഉടന്‍ സോണിയയുടെ വസതിയിലെത്തണമെന്ന് രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: ലേഖന വിവാദത്തില്‍ ശശി തരൂരിനോട് ഇടഞ്ഞ് രാഹുലും സോണിയയും. ശശി തരൂര്‍ വിവാദത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ചര്‍ച്ച നടത്തും. ചര്‍ച്ച നടത്തുന്നതിനായി ഉടന്‍ തന്നെ സോണിയ ഗാന്ധിയുടെ പത്താം നമ്പര്‍ ജന്‍പഥ് വസതിയിലെത്തണമെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ശശി തരൂരിന് നിര്‍ദേശം നല്‍കി.
കേരള സര്‍ക്കാരിനെ പ്രശംസിച്ചുകൊണ്ടുള്ള ശശി തരൂരിന്റെ ലേഖനം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇത് പാര്‍ട്ടിയെയും ആശങ്കയിലാഴ്ത്തി. ഇതിന് പിന്നാലെയാണ് വിഷയത്തിലുള്ള ഹൈക്കമാന്‍ഡ് ഇടപെടല്‍.
ശശി തരൂര്‍ സ്വീകരിച്ച നിലപാടിനോടുള്ള അതൃപ്തി സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. രാഹുല്‍, സോണിയ ഗാന്ധി എന്നിവരായിരിക്കും ശശി തരൂരുമൊത്തുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.
സോണിയയുടെ വസതിയില്‍ ഉടന്‍ തന്നെ ശശി തരൂര്‍ എത്തിച്ചേരുമെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചര്‍ച്ചയില്‍ പങ്കെടുക്കുമോ എന്ന കാര്യം വ്യക്തമല്ല.