
അബുദാബി: നാളെ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ നേരിയതോതില്‍ മഴയുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പുറത്തുവിട്ട ബുള്ളറ്റിനില്‍ വ്യക്തമാക്കി. ഇന്നലെ യുഎഇയിലെ മൂന്ന് എമിറേറ്റുകളില്‍ നേരിയ തോതില്‍ മഴയുണ്ടായിരുന്നു. ഇന്നലെ കാര്‍മൂടി ഇരുണ്ട കാലാവസ്ഥയായിരുന്നു രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും അനുഭവപ്പെട്ടത്. ഇതുകൊണ്ടുതന്നെ മഴ ഏതുനിമിഷവും പെയ്യുമെന്ന പ്രതീതിയില്‍ ആയിരുന്നു താമസക്കാരെല്ലാം.
ഇന്ന് രാത്രിയും വ്യാഴാഴ്ച രാവിലെയും അന്തരീക്ഷ ഈര്‍പ്പം കൂടുതലായിരിക്കും. ഉള്‍നാടന്‍ പ്രദേശങ്ങളില്‍ മൂടല്മഞ്ഞിന് സാധ്യതയുണ്ട്. ഇതിനാല്‍ ദൂരക്കാഴ്ച കുറയുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം. കാറ്റിന്റെ വേഗം മണിക്കൂറില്‍ 10 മുതല്‍ 25 വരെ കിലോമീറ്റര്‍ ആയിരിക്കും അനുഭവപ്പെടുക. എന്നാല്‍ ചിലപ്പോള്‍ വേഗം 35 കിലോമീറ്റര്‍ വരെ വര്‍ധിക്കാനും ഇടയുണ്ട്. അറേബ്യന്‍ ഗള്‍ഫും ഒമാന്‍ കടലും നേരിയതോതില്‍ പ്രക്ഷുബ്ധമാകുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.