അഞ്ചാം പാതിരായില്‍ എന്റെ സ്ട്രോങ് പോയിന്റുകള്‍ ഒന്നും ഉപയോഗിച്ചിട്ടില്ല: കുഞ്ചാക്കോ ബോബൻ
പാട്ടോ, ഡാന്‍സോ, പ്രണയോ, തമാശയോ ഒന്നും തന്നെ അതിലില്ല

1981ല്‍ ഫാസില്‍ സംവിധാനം ചെയ്ത ധന്യ എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് കുഞ്ചാക്കോ ബോബന് സിനിമാ ജീവിതം ആരംഭിക്കുന്നത്. പിന്നീട് ഫാസിലിന്റെ തന്നെ സംവിധാന മികവില്‍ 1997ല്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തില്‍ നായകനായി വേഷമിട്ടു. ബാലതാരമായി അഭിനയിച്ചിരുന്ന ശാലിനി നായികയായി അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയായിരുന്നു അനിയത്തിപ്രാവ്.
പിന്നീട് ഒട്ടനവധി ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബനെ തേടിയെത്തിയത്. 2006ല്‍ പുറത്തിറങ്ങിയ കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന അദ്ദേഹത്തെ കൈപിടിച്ചുയര്‍ത്തിയത് 2008ല്‍ പുറത്തിറങ്ങിയ ലോലിപോപ്പ് ആയിരുന്നു.
ലോലിപോപ്പ് കുഞ്ചാക്കോ ബോബന് സമ്മാനിച്ചത് ചെറിയ ആശ്വാസം ഒന്നുമായിരുന്നില്ല. അതിന് പിന്നാലെ ഒട്ടനവധി ചിത്രങ്ങളിലാണ് താരം വേഷമിട്ടത്. കുഞ്ചാക്കോ ബോബന് ഏറെ പ്രേക്ഷക പ്രശംസ നേടികൊടുത്ത ചിത്രമാണ് അഞ്ചാം പാതിരാ. മിഥുന് മാനുവല്‍ തോമസ് രചനയും സംവിധാനവും നിര്‍വഹിച്ച് 2020ലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ക്രമിനല്‍ സൈക്കോളജിസ്റ്റായ അന്‍വര്‍ ഹുസൈന് എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന് ചിത്രത്തില്‍ അവതരിപ്പിച്ചത്.
ആ ചിത്രത്തിലുള്ള തന്റെ കഥാപാത്രത്തെ കുറിച്ചും സിനിമയെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് കുഞ്ചാക്കോ ബോബന്. തന്റെ ഏറ്റവും പുതിയ ചിത്രമായ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ പ്രൊമോഷന് പരിപാടികളുടെ ഭാഗമായി നല്കിയ അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബന് അഞ്ചാം പാതിരായെ കുറിച്ച് പറയുന്നത്. തന്നെ പൂര്‍ണമായും ഉപയോഗിച്ച സിനിമയല്ല അഞ്ചാം പാതിരാ എന്നാണ് അദ്ദേഹം പറഞ്ഞത്.
”ട്രാഫിക്കാണെങ്കിലും അഞ്ചാം പാതിരായാണെങ്കിലും അനിയത്തിപ്രാവാണെങ്കിലും മലയാള സിനിമയ്ക്ക് അങ്ങനെയൊരു ഷിഫ്റ്റിങ് വരുന്ന സമയത്ത് അതിന്റെയെല്ലാം ഭാഗമാകാന്‍ ഭാഗ്യം ലഭിച്ചൊരു നടനാണ് ഞാന്‍. നമ്മള് ഓരോന്ന് പരീക്ഷിക്കുകയാണ്. ട്രാഫിക്, അതുവരെ കണ്ട് പരിചിതമല്ലാത്ത രീതിയിലുള്ള ഒരു ടെറെയ്ന്‍ നമ്മള് അവതരിപ്പിച്ചു. അഞ്ചാം പാതിരായിലേക്ക് വരുമ്പോള്‍, അത് ത്രില്ലറിന്റെ വേറൊരു റൂട്ട് നമ്മള് കാണിച്ചു.
അഞ്ചാം പാതിരായില്‍ ശരിക്കും എന്റെ സ്ട്രാങ് പോയിന്റുകള്‍ ഒന്നും ഉപയോഗിച്ചിട്ടില്ല. പാട്ടോ, ഡാന്‍സോ, പ്രണയോ, തമാശയോ ഒന്നും തന്നെ അതിലില്ല. പക്ഷെ ആളുകള്‍ പുതുമ സ്വീകരിക്കാനായിട്ട് നല്ലൊരു പാക്കേജ് ആയിട്ട് കൊടുക്കുകയാണെങ്കില്‍ ഏത് കാലഘട്ടങ്ങളിലും ആളുകള്‍ സിനിമ സ്വീകരിക്കും എന്നതിനുള്ള തെളിവുകളാണ് അത്തരം സിനിമകള്‍,” കുഞ്ചാക്കോ ബോബന് പറയുന്നു.