തണൽ തേടി: ഭാഗം 38

എഴുത്തുകാരി: റിൻസി പ്രിൻസ്
എടാ സന്ധ്യ മുതൽ ഈ സമയം വരെ ഞാനിവിടെ പച്ചയ്ക്ക് നിൽക്കുകയാ നീയ് ഒന്നു മേടിച്ചിട്ടില്ലേ
സണ്ണി ചോദിച്ചു
അത് ഞാൻ വെളിയിൽ കിടക്കുന്ന അരകല്ലിന്റെ പുറകിൽ വച്ചിട്ടുണ്ട് വെള്ളവും അവിടെ വച്ചിട്ടുണ്ട് പോയി അടിച്ചിട്ട് വാ
സെബാസ്റ്റ്യൻ പറഞ്ഞു
“നീ അടിക്കുന്നില്ലേ
അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.
ഞാനടിച്ചാൽ ശരിയാവില്ല.. നാളെ വെളുപ്പിനെ എഴുന്നേറ്റ് ഇറച്ചി മേടിക്കാൻ ഒക്കെ പോണം. ഞാനിപ്പോൾ അടിച്ചിട്ട് കിടന്നാൽ രാവിലെ തല പൊങ്ങത്തില്ല.
ഓ പിന്നെ അവൾ നിന്നോട് കുടിക്കേണ്ട എന്ന് പറഞ്ഞൊടാ
ഒരു കുസൃതിയോടെ സണ്ണി ചോദിച്ചപ്പോൾ അവൻ അയാളെ ഒന്ന് കൂർപ്പിച്ച് നോക്കി.
ഒന്ന് പോയെ സണ്ണി ചാച്ച, അതൊന്നുമല്ല കാര്യം.
അവൻ തല കുടഞ്ഞു
ഒരു ചെറുത് അടിക്കെടാ നിനക്ക് നാളെ എഴുന്നേൽക്കാൻ ഒരു ഉന്മേഷം വേണ്ടേ.?
ഇന്നെന്താണെങ്കിലും വേണ്ട രാവിലെ കുർബാന കൊള്ളണ്ടതാ, പള്ളിയിൽ പോയിട്ട് വേണം അവളെ കൊണ്ടുവിടാൻ പോവാൻ..
അതുകൊണ്ട് ഞാൻ വെളുപ്പിനെ കുർബാനയ്ക്ക് പോകാമെന്ന് കരുതുന്നത്.
സെബാസ്റ്റ്യൻ അങ്ങനെ പറഞ്ഞപ്പോൾ പിന്നെ നിർബന്ധിക്കാൻ പോയില്ല സണ്ണി. വൈകുന്നേരം ചെറിയ രീതിയിലൊക്കെ സാലി അവളോട് സംസാരിക്കുന്നുണ്ടായിരുന്നു. അത് ലക്ഷ്മിക്ക് വലിയ ആശ്വാസമായിരുന്നു ..
അന്നത്തെ ദിവസം സെബാസ്റ്റ്യനേ അധികം കാണാൻ പോലും സാധിച്ചില്ല. അത് അവളെ സംബന്ധിച്ചിടത്തോളം വല്ലാത്തൊരു വേദന തന്നെയായിരുന്നു. അവന്റെ സാന്നിധ്യം താൻ ആഗ്രഹിച്ചു തുടങ്ങിയെന്ന് ലക്ഷ്മിക്ക് മനസ്സിലായി. തന്നിൽ വന്നു തുടങ്ങുന്ന ഒരു മാറ്റത്തെ അത്ഭുതത്തോടെ അവൾ അറിയുകയായിരുന്നു. ഈ കഴിഞ്ഞ ദിവസങ്ങളിൽ ഒന്നും തന്നെ താൻ വിവേകിനെക്കുറിച്ച് ഓർത്തിട്ടില്ല എന്നും അവൾ ഓർത്തു.
ഇത്ര പെട്ടെന്ന് അവനെ മറന്നുപോയോ.? അപ്പോൾ അത്രയ്ക്ക് ഉണ്ടായിരുന്നുള്ളോ തന്റെ സ്നേഹം.? ഒരു നിമിഷം അവൾക്ക് പലതരത്തിലുള്ള സംശയങ്ങൾ മനസ്സിൽ നിറഞ്ഞിരുന്നു. സെബാസ്റ്റ്യന്റെ സാന്നിധ്യം തനിക്ക് വല്ലാത്തൊരു ഊർജ്ജം നൽകുന്നുണ്ടെന്ന് അവൾക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നു.
പതിയെ പതിയെ തന്റെ മനസ്സും അവനെ സ്നേഹിച്ചു തുടങ്ങി എന്നത് ഒരു സത്യം തന്നെയാണ്. അതോ ബഹുമാനമാണോ.? അതുപോലെ ഒരു പുരുഷന് ഏത് പെൺകുട്ടിയാണ് ആഗ്രഹിക്കാത്തത്.?
രാവിലെ സിനിയുടെ ഒപ്പം അവളും ഉണർന്നിരുന്നു. അടുക്കളയിൽ ചെന്നപ്പോൾ ആനിയും സാലിയും തിരക്കിട്ട പാചകത്തിലാണ് സാലി വളരെ വേഗത്തിൽ പാലപ്പം ചുട്ട് കാസറോളിലേക്ക് മാറ്റുകയാണ്. സാലി അവിടെയിരുന്ന് സവാളയും വെളുത്തുള്ളിയും ഒക്കെ അരിയുന്നു. അപ്പോഴേക്കും ബീഫുമായി സെബാസ്റ്റ്യനും എത്തി. അത് അവരുടെ കൈകളിലേക്ക് കൊടുത്ത് പള്ളിയിൽ പോവുകയാണെന്നും പറഞ്ഞ് അവൻ കുളിക്കാനായി പോയി.
എടി സിനി എന്റെ ഷർട്ട് ഒന്ന് തേച്ചേ
പോകുന്ന പോക്കിൽ സീനിയോടായി അവൻ പറഞ്ഞു..
. അതെ ഇനി ഇതെല്ലാം അങ്ങോട്ട് പറഞ്ഞേക്ക്….
തമാശപോലെ ആനി പറഞ്ഞപ്പോഴാണ് ലക്ഷ്മി അവിടെ നിൽക്കുന്നത് അവൻ കണ്ടത്.
അതെ എന്ത് പറഞ്ഞാലും സിനി എന്ന വിളി ഇനി നിർത്തിക്കോ കേട്ടോ ചേട്ടായി..
സിനി അത് ഏറ്റുപിടിച്ചു.
സെബാസ്റ്റ്യൻ ഒന്നും പറയാതെ ചിരിയോടെ പുറത്തേക്കിറങ്ങി പോയിരുന്നു.
ഏത് ഷർട്ട സിനി..?
മടിയോടെ അവൾക്ക് മാത്രം കേൾക്കാൻ പാകത്തിന് ലക്ഷ്മി ചോദിച്ചു.
ഞാൻ ചുമ്മാ പറഞ്ഞതാ ചേച്ചി ഞാൻ തേച്ചോളാം.
സിനി അതും പറഞ്ഞു അവന്റെ മുറിയിൽ പോയി ഒരു ഷർട്ടും എടുത്തു കൊണ്ട് വന്നു…
ഞാൻ തേക്കാം സിനി ഒരുങ്ങിക്കോ പോകണ്ടത് അല്ലേ.?
അവൾ കൈനീട്ടി അത് വാങ്ങിയപ്പോൾ സിനി എതിർത്തില്ല. ഭംഗിയായി ആ ഷർട്ടും അതിനു ചേരുന്ന മുണ്ടും തേച്ചു. അതിനിടയിലാണ് ആന്റണി വരുന്നത്.
എടി സാലി എന്റെ ഷർട്ടും കൂടി ഒന്ന് തേച്ച് താ
ആന്റണി വിളിച്ചുപറഞ്ഞു
പിന്നെ നിങ്ങളെ പെണ്ണുകാണാൻ പോവല്ലേ, ഞാനിവിടെ ഒരു നൂറുകൂട്ടം പണിയുമായി നിൽക്കുമ്പോഴാണ്.
സാലി അടുക്കളയിൽ നിന്നും ദേഷ്യത്തോടെ വിളിച്ചു പറയുന്നത് കേട്ട് അവൾ ചാച്ചന്റെ ഷർട്ടും തേച്ചു കൊടുത്തു അയാൾക്ക് സന്തോഷമായി
സെബാസ്റ്റ്യന്റെ ഷർട്ടുമായി നേരെ അവന്റെ മുറിയിലേക്ക് പോയിരുന്നു അവൾ എന്തുകൊണ്ടോ ആദ്യമായി അവളുടെ മനസ്സിൽ അവന്റെ മുറിയിലേക്ക് കയറിയപ്പോൾ അതുവരെ ഇല്ലാത്ത ഒരു പരിഭ്രമവും സന്തോഷവും ഒക്കെ ഉടലെടുക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.
അവന്റെ മുറി അവൾ വിശദമായി തന്നെ ഒന്ന് നോക്കി. ചെറിയൊരു സ്റ്റീൽ അലമാരയും ഷെൽഫും അയയും ജനലും ഒരു സിംഗിൾ കോട്ട് കട്ടിലും ഒക്കെയുള്ള മുറിയാണ്. വളരെ ഭംഗിയായി ആണ് അത് സൂക്ഷിച്ചിരിക്കുന്നത്. അവന്റെ കാക്കി ഷർട്ടുകളും ജീൻസും ലുങ്കിയുമൊക്കെ അയയിൽ കിടപ്പുണ്ടായിരുന്നു. മുഴുവൻ ഒന്ന് കണ്ണോടിച്ചു.
മാതാവിന്റെ ഒരു രൂപവും കട്ടിലിന്റെ അരികിലായി കണ്ടു. കട്ടിലിലേക്ക് തേച്ച മുണ്ടും ഷർട്ടും വെച്ച് അവൾ തിരികെ പോരാൻ തുടങ്ങിയപ്പോഴാണ് തറയിൽ കിടന്ന് പ്ലാസ്റ്റിക് കവറിൽ കാല് തെന്നി അവൾ മുന്നോട്ടു കുതിച്ചത്. കൃത്യമായി തന്നെ അവൾ ചെന്ന് പതിച്ചത് അവന്റെ നെഞ്ചിലും.
ലക്സ് സോപ്പിന്റെയും ഈറൻ തുള്ളികളുടെയും മനോഹരമായ ഒരു ഗന്ധം അവളുടെ നാസിക തുമ്പിനെ പൊതിഞ്ഞു. ആ നിമിഷമാണ് അരികിൽ നിൽക്കുന്നത് അവനാണ് എന്ന ബോധം അവൾക്ക് വന്നത്. താൻ വീഴാതിരിക്കാൻ തന്റെ ഇടുപ്പിൽ അവൻ കൈ ചേർത്തു വച്ചിട്ടുണ്ട്.
അവൾ പെട്ടെന്ന് അവന്റെ മുഖത്തേക്ക് നോക്കി. തന്റെ മുഖത്ത് തന്നെയാണ് അവന്റെയും നോട്ടം. ഒരു കാവി കൈലി ഉടുത്തു പുറത്തൂടെ തോർത്തു തോളിൽ വിരിച്ചാണ് നിൽപ്പ്. നെഞ്ചിലെ രോമകാടുകളിൽ തെല്ല് ഈർപ്പം ബാക്കിയുണ്ട്. രോമരാജികൾ നിറഞ്ഞ വെളുത്ത ശരീരം, ആ നെഞ്ചിൽ ചേർന്നാണ് തന്റെ നിൽപ്പ്. ഒരു നിമിഷം ഇരു മിഴികളും പരസ്പരം കോർത്തു….തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…