മംഗല്യ താലി: ഭാഗം 86

രചന: കാശിനാഥൻ
ഭദ്ര ഒരുപാട് തവണ യാചിച്ചുവെങ്കിലും ഒരക്ഷരം പോലും പറയാൻ ആവാതെ മീര അതേ നിൽപ്പു തുടർന്നു.
അമ്മയ്ക്ക് എന്താണ്,അത് പറഞ്ഞാൽ…. ഇനിയും അതെന്നിൽ നിന്നും മറച്ചു വെച്ചിട്ട് എന്ത് നേടാനാ അമ്മേ..
മീരയുടെ മുഖത്തേക്ക് അവൾ ഉറ്റുനോക്കി.
ഒടുവിൽ അവർ പറയില്ലയെന്ന് അവൾക്ക് തോന്നി.
ഒരുപാട് സങ്കടം തോന്നിയെങ്കിലും ഭദ്ര പിന്നീട് ഒന്നും ചോദിച്ചതെയില്ല.അവൾക്കും ചെറിയ ദേഷ്യം വരെ തോന്നിയിരുന്നു.
പെട്ടന്ന് ആയിരുന്നു രവീന്ദ്രൻ അവിടേക്ക് കയറി വന്നത്…
എന്ത് കൊണ്ടാണ് മീര, ഭദ്ര മോളോട് അവളുടെ അച്ഛൻ ആരാണെന്ന് പറയുവാൻ തനിക്ക് സാധിക്കാത്തത്…
രവീന്ദ്രന്റെ ശബ്ദം കേട്ടതും മീരയും ഭദ്രയും ഞെട്ടി തിരിഞ്ഞുനോക്കി. ഹരി യോടൊപ്പം നിൽക്കുന്ന രവീന്ദ്രന് ഒട്ടും പ്രതീക്ഷിക്കാതെയാണ് മീര കണ്ടത്
എന്തുപറ്റി തീരെ.. താൻ എന്താണ് ഇങ്ങനെ നോക്കുന്നത്. ഓഹ് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല അല്ലേ മീര
രവീന്ദ്രൻ അടുത്തേക്ക് വരുംതോറും മീരയുടെ ഹൃദയം ഇടിപ്പ് വർദ്ധിച്ചു കൊണ്ടിരുന്നു…
മീര…താൻ പറയുന്നത് മുഴുവനും ഞാനും ഹരിയും കേട്ടു കഴിഞ്ഞു. എന്തായാലും ബാക്കി സത്യങ്ങൾ കൂടി പോരട്ടെന്നെ… എന്നാലല്ലേ ആ പറഞ്ഞ കാര്യങ്ങൾ പൂർണ്ണതയിൽ എത്തിക്കുവാൻ തനിക്ക് സാധിക്കൂന്നത്.
നിങ്ങൾ…. നിങ്ങൾ എന്തിനാണ് ഇവിടേക്ക് വന്നത്.. എന്റെ സമാധാനം നശിപ്പിയ്ക്കുവാനായിട്ട് എന്തിന് വന്നത്..ദയവുചെയ്ത് ഒന്ന് ഇറങ്ങിപ്പോകുന്നുണ്ടോ…
അവർ അലറി.
ഇക്കുറി ഭയന്ന് പോയത് ഹരിയും ഭദ്രയും ആയിരുന്നു..
ഇവിടെ എന്താണ് നടക്കുന്നതെന്ന് അറിയാതെ അവർ രണ്ടാളും ഞെട്ടി..
അപ്പോൾ മീര ടീച്ചറും രവീന്ദ്രൻ സാറും തമ്മിൽ നേരത്തെ പരിചയമുണ്ടോ… ഭദ്രയുടെ അച്ഛൻ ആരാണെന്ന് പറഞ്ഞു കൊടുക്കുവാൻ സാറ് ടീച്ചറിനെ നിർബന്ധിക്കുകയാണെങ്കിൽ അതിന്റെ അർത്ഥം സാറിനും ആ ഒരു വ്യക്തിയെ അറിയാം എന്നല്ലേ..
ഹരിയുടെ നെറ്റി ചുളിഞ്ഞു.
നിങ്ങളോടാണ് ഇറങ്ങിപ്പോകാൻ പറഞ്ഞത്..
മീര പിന്നെയും ശബ്ദമുയർത്തി.
പോകും…. ഉറപ്പായും പോകും.. അതിന് യാതൊരു മാറ്റവും ഇല്ല. ഇവിടെ നിന്നും പോകുമ്പോൾ എന്നോടൊപ്പം എന്റെ മകളും മകളുടെ ഭർത്താവും കൂടെ കാണും പിന്നെ ഒരിക്കലും, താന് എന്റെ മകളുടെ നേർക്ക് ഒരു അവകാശവും പറഞ്ഞു വരരുത്. ഒന്ന് കാണാൻ പോലും തന്നെ കൂട്ടാക്കില്ല..
ഇത്രനാളും, നീ അകറ്റി നിർത്തി, ഇനി അത് നടക്കില്ല മീരാ.. നേരെ തിരിച്ചാണ് സംഭവിക്കാൻ പോകുന്നത്.
അയാൾ പറഞ്ഞതും മീരയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
ഇല്ല… എന്റെ മോളെ, ഞാൻ ആർക്കും തരില്ല.. യാതൊരു കാരണവശാലും നിങ്ങൾ എന്റെ മകളെ കൊണ്ടുപോകില്ല. ഇവൾ മീരയുടെ മകളാണ് മീരയുടെ മാത്രം മകൾ. നിങ്ങളുടെ പണവും പ്രതാപവും ഉപയോഗിച്ചുകൊണ്ട് എന്റെ പൊന്നുമോളെ തട്ടിയെടുക്കുവാനാണ് ഭാവമെങ്കിൽ പിന്നെ ഈ മീര നിങ്ങളെ കൊല്ലാൻ പോലും മടിക്കില്ല.
ഒരു ഭ്രാന്തിയെപ്പോലെ മീര വന്നിട്ട് രവീന്ദ്രന്റെ ഇരു കോളറിലും പിടിച്ചു ഉലച്ചു..
എന്നിട്ട് പൊട്ടിക്കരഞ്ഞുകൊണ്ട് അയാളുടെ നെഞ്ചിലേക്ക് തന്നെ തളർന്നു വീണു…
മീരാ…
രവീന്ദ്രൻ അവളുടെ ചുമലിൽ പിടിച്ചു.
മുഖമുയർത്തി നോക്കിയപ്പോൾ കണ്ടു നിറകണ്ണുകളോടെ നിൽക്കുന്ന ഭദ്രയെ. ഇതുകണ്ടതും മീരയുടെ ഹൃദയം നുറുങ്ങി.
നീ ചോദിച്ചില്ലേ ആരാണ് നിന്റെ അച്ഛൻ എന്ന്…. ഇദ്ദേഹമാണ് മോളെ നിന്റെ അച്ഛൻ…
മീര പറഞ്ഞതും ഹരിയും ഭദ്രയും ശ്വാസം എടുക്കാൻ പോലും മറന്നു നിന്നു.
ടീച്ചർ……?
ഭദ്ര പതിയെ പുലമ്പി.
അതെ മോളെ….. ഈ നിൽക്കുന്ന രവീന്ദ്രന്റെ മകൾ ആണ് നീയ്…. യാതൊരു കാരണവശാലും നീ ഇയാളുടെ കൂടെ പോകരുത്.. പോയിട്ടുണ്ടെങ്കിൽ ദുഷ്ടപിശാശുക്കൾ എല്ലാം ചേർന്ന് നിന്നെ കൊല്ലും.. ഹരി മോനെ… ടീച്ചർ പറയുന്നത് ദയവു ചെയ്തു കേൾക്കണം, ഒരിക്കലും രവിയേട്ടന്റെ ഒപ്പം നീ ഭദ്രയെ വിടരുത്.അതാപത്താണ്… എന്റെ മോളെ എനിക്ക് നഷ്ടമാകും.
മീര ഹരിയെ നോക്കി കൈ കൂപ്പി.
ഭദ്ര അപ്പോൾ രവീന്ദ്രനെ നോക്കി നിൽക്കുകയാണ്. തന്റെ അച്ഛൻ… തന്റെ സ്വന്തം അച്ഛൻ…
അവൾ നിറഞ്ഞു വന്ന മിഴികളെ തുടച്ചു മാറ്റുവൻ പോലും മറന്നു.. ആ ഒരു അവസ്ഥയിൽ അയാളെ നോക്കിയപ്പോൾ അവളുടെ കാഴ്ച പോലും മങ്ങി. എങ്കിലും പിന്നെയും പിന്നെയും രവീന്ദ്രനെ തന്നെ ഉറ്റു നോക്കി നിൽക്കുകയാണ് ഭദ്ര… അദ്ദേഹത്തെ ആദ്യമായി കണ്ടപ്പോൾ ഉണ്ടായ അവസ്ഥയായിരുന്നു അവൾചിന്തിച്ചത്. തനിക്ക് അത്രയും വേണ്ടപ്പെട്ട ആരോ ആണെന്ന് മനസ്സിന്റെ കോണിൽ ഇരുന്ന് ആത്മാവ് മന്ത്രിക്കും പോലെ തോന്നിയ നിമിഷം. എന്നാലും ഒരിക്കലും തന്റെ അച്ഛന്റെ സ്ഥാനത്തേക്ക് അദ്ദേഹത്തെ ഓർത്തിരുന്നില്ല.
മോളെ….
രവീന്ദ്രൻ ഭദ്രയുടെ അരികിലേക്ക് വന്നു. എന്നിട്ട് അവളുടെ മുഖം അയാളുടെ കൈകുമ്പിളിൽ എടുത്തു..
എന്റെ പൊന്നു മോളെ….. അച്ഛന്റെ പൊന്നെ…..
അയാൾ കരഞ്ഞു…. ഒപ്പം ഭദ്രയും.
ക്ഷമിക്കണം… അച്ഛന്റെ പൊന്നു മോള് ക്ഷമിക്കണം.. പാപിയായി പോയി… അച്ഛൻ പാപിയായി പോയി മോളെ… അല്ലായിരുന്ന് എങ്കിൽ എന്റെ മോളൊരിക്കലും ഒരു അനാഥ ആവില്ലരുന്നു.
നിന്നെ കണ്ടു പിടിക്കാൻ വേണ്ടി ഈ അച്ഛൻ എത്ര നാളുകളായി അലഞ്ഞു മോളെ… എവിടെഎല്ലാം നിന്റെ മുഖം തിരഞ്ഞു… ഈ അച്ഛന്റെ കണ്ണീരും പ്രാർത്ഥനയും ഒക്കെ ഈശ്വരൻ കാണാൻ വൈകിപ്പോയി.
ചങ്ക് പൊട്ടിക്കരഞ്ഞു കൊണ്ട് മീര അയാൾ പറയുന്നതെല്ലാം കേട്ടു.
ഹരി…. മോൻ ഇല്ലായിരുന്ന്ങ്കിൽ എന്റെ കുഞ്ഞിന്റെ ജീവിതം….
നീ.. നീ നന്മയുള്ളവനാണ്. ഒരുപാട് ഒരുപാട് നന്മ നിറഞ്ഞവൻ….
ഹരിയേയും ഭദ്രേയും ഒരുമിച്ച് ചേർത്ത് പിടിച്ചുകൊണ്ട് അയാൾ പറഞ്ഞപ്പോൾ കുനിഞ്ഞ് മുഖത്തോടെ നിൽക്കുകയായിരുന്നു മീര.
എന്റെ കുഞ്ഞിനെയും കൊണ്ട് മീര ഇറങ്ങിപ്പോയ ആ ദിവസം ഞാനും വീടുവിട്ട് പോന്നതാണ്. പിന്നീട് ഒരേയൊരു തവണ മാത്രം ആ വീട്ടിലേക്ക് ഞാൻ മടങ്ങിച്ചെന്നു എന്റെ അച്ഛൻ മരിച്ചപ്പോൾ ചിതയ്ക്ക് തീ കൊടുത്തുവാനായി, അച്ഛനെ അവസാനമായി ഒരു നോക്കു കാണുവാൻ വേണ്ടി…..
അയാൾ പറഞ്ഞതും മീര സ്തംഭിച്ചു പോയി..
എന്റെ ഭാര്യയെയും മകളെയും വേണ്ടാത്തവരെ ഞാനും ഉപേക്ഷിച്ചുപോന്നു ഹരി. അത് അച്ഛനാണെങ്കിലും അമ്മയാണെങ്കിലും ആരാണെങ്കിലും… കാരണം എനിക്ക് എന്നും വലുത് എന്റെ മോളായിരുന്നു….എന്റെ പൊന്നുമോള്…….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…