
മനാമ: ഇസ്ലാമിക് ഡയലോഗ് കോണ്‍ഫറന്‍സിന് ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയില്‍ തുടക്കമായി. സുപ്രധാനമായ വിഷയങ്ങളില്‍ ഇസ്ലാമിക ലോകത്ത് ഐക്യവും സാഹോദര്യവും ഊട്ടിയുറപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള കോണ്‍ഫറന്‍സിനാണ് ഇന്നലെ തുടക്കമായിരിക്കുന്നത്. അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം ഡോ. ശൈഖ് അഹമ്മദ് എല്‍ തയ്യിബ് ഉള്‍പ്പെടെ 400ല്‍ അധികം പ്രശസ്ത പണ്ഡിതന്മാരും ചിന്തകരും കോണ്‍ഫറന്‍സില്‍ പങ്കാളികളാവുന്നത്. ബഹ്‌റൈന്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫയേഴ്‌സും മുസ്ലിം കൗണ്‍സില്‍ ഫോര്‍ എല്‍ഡേഴ്‌സുമാണ് അല്‍ അസ്ഹറുമായി സഹകരിച്ച് രണ്ടുദിവസത്തെ സമ്മേളനത്തിനം സംഘടിപ്പിച്ചിരിക്കുന്നത്.
വര്‍ത്തമാനകാലത്തെ ഇസ്ലാമിക ഐക്യത്തിന് വിഘാതമായി നില്‍ക്കുന്ന പ്രതിബന്ധങ്ങളെ അഭിമുഖീകരിക്കേണ്ടതുണ്ടെന്ന് അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം ഡോ. ശൈഖ് അഹമ്മദ് എല്‍ തയ്യിബ് സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. ഇസ്ലാമിക ലോകത്ത് ഇത്തരം വിഷയങ്ങളില്‍ മുന്‍വിധികള്‍ ഇല്ലാത്ത ചര്‍ച്ചകള്‍ ഉണ്ടാവേണ്ടതുണ്ടെന്നും രാജ്യങ്ങളുടെ പരമാധികാരവും അതിര്‍ത്തികളുടെ അഖണ്ഡതയും ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടാതിരിക്കലുമെല്ലാം ഇതിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.