
അബുദാബി: രാജ്യാന്തര തലത്തില്‍ ഭൂമിയെ നിരീക്ഷകനായി ഉപഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്ന പ്രധാന കേന്ദ്രമായി അബുദാബിയെ മാറ്റാന്‍ യുഎഇ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് 37 കോടി ദിര്‍ഹത്തിന്റെ കരാറുകളിലാണ് രാജ്യത്തെ കമ്പനികളുമായി അധികൃതര്‍ ഒപ്പുവച്ചിരിക്കുന്നത്. നിര്‍മ്മിതി ബുദ്ധി പ്രയോജനപ്പെടുത്തുന്ന കമ്പനികളായ സ്‌പെയ്‌സ് 42 ഫദയില്‍ നിന്നും ഇതിനായുള്ള കരാര്‍ നേടി.
യുഎഇയുടെ മിലിറ്ററി കോണ്‍ട്രാക്ടറായ എഡ്ജിന്റെ സഹസ്ഥാപനമാണ് ഫദ. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഉപഗ്രഹ നിര്‍മാണ രംഗത്ത് ശക്തമായ സാന്നിധ്യം ആവാന്‍ ലക്ഷ്യമിട്ടാണ് ഈ നീക്കം. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ സര്‍ക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകള്‍ക്ക് തങ്ങളുടെ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഇത് വലിയ സഹായമാവും. പ്രത്യേകിച്ച് നഗരാസൂത്രണം, പരിസ്ഥിതി നിരീക്ഷണം, രാജ്യസുരക്ഷ എന്നിവക്കെല്ലാം ഉപഗ്രഹങ്ങളുടെ സഹായം ലഭ്യമാക്കാനാവും. ഉപഗ്രഹ നിര്‍മാണ രംഗത്ത് പരമോന്നതമായ സ്ഥാനം വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യമാണ് യുഎഇക്കുള്ളതെന്ന് എഡ്ജ് സൈബര്‍ ടെക്‌നോളജി വിഭാഗം പ്രസിഡന്റ് വാലിദ് അല്‍ മെസ്മാരി പറഞ്ഞു.