കാറ്റഗറി ഒന്നില്‍ വരുന്ന സംരംഭങ്ങള്‍ക്ക് ലൈസന്‍സ് വേണ്ട; വലിയ ഇളവുകളുമായി സംസ്ഥാന സര്‍ക്കാർ

തിരുവനന്തപുരം: സംരംഭങ്ങള്‍ക്ക് വലിയ ഇളവുകളുമായി സംസ്ഥാന സര്‍ക്കാര്‍. കാറ്റഗറി ഒന്നില്‍ വരുന്ന സംരംഭങ്ങള്‍ക്ക് ലൈസന്‍സ് വേണ്ടെന്ന് മന്ത്രി എംബി രാജേഷ്. ലൈസന്‍സുകള്‍ക്ക് പകരം കാറ്റഗറി ഒന്നില്‍ വരുന്ന സംരംഭങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള രജിസ്‌ട്രേഷന്‍ മതിയാകുമെന്ന് മന്ത്രി പറഞ്ഞു.
സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി നിയമങ്ങളിലും ചട്ടങ്ങളിലും കാലോചിതമായ മാറ്റങ്ങള്‍ വരുത്താന്‍ ആലോചിക്കുന്നു. ഏത് സംരംഭത്തിനും പഞ്ചായത്തുകളില്‍ നിന്ന് ലൈസന്‍സ് ലഭിക്കുന്നതിന് വ്യവസ്ഥ കൊണ്ടുവരാനുള്ള നീക്കത്തിലാണ് തദ്ദേശവകുപ്പെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ സംരഭങ്ങളെ രണ്ടായി തരം തിരിക്കും. തദ്ദേശ വകുപ്പുകളില്‍ നിന്നുള്ള ലൈസന്‍സിന് പകരം രജിസ്‌ട്രേഷന്‍ മാത്രം മതിയെന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍. ലൈസന്‍സ് ലഭിക്കുന്നതിനുള്ള നൂലാമാലകള്‍ പരിഹരിക്കുന്നതിനായാണ് ഇത്തരം നടപടി. നിയമവിധേയമായ ഏതൊരു സംരംഭത്തിനും ഇതുവഴി ലൈസന്‍സ് ലഭിക്കുമെന്നും എംബി രാജേഷ് പറഞ്ഞു.
ഉത്പാദന യൂണിറ്റുകളാണ് കാറ്റഗറി ഒന്നില്‍ വരുന്നത്. എന്നാല്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ വൈറ്റ്-ഗ്രീന്‍ എന്നിവയിലുള്ള യൂണിറ്റുകള്‍ക്ക് പഞ്ചായത്തിന്റെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. റെഡ്-ഓറഞ്ച് എന്നിവയില്‍ വരുന്ന സംരംഭങ്ങള്‍ ലൈസന്‍സ് എടുക്കണം. ഏകജാലക സംവിധാനത്തിലൂടെ ലൈസന്‍സിന് അപേക്ഷിക്കാന്‍ സാധിക്കുന്നതാണ്. ഇത്തരത്തില്‍ അപേക്ഷിക്കുന്നത് തടയാന്‍ പഞ്ചായത്തിന് സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, എലപ്പുള്ളിയില്‍ ആരംഭിക്കാന്‍ പോകുന്ന മദ്യനിര്‍മ്മാണശാല കാറ്റഗറി ഒന്നിലാണോ വരുന്നതെന്ന ചോദ്യത്തിന് മന്ത്രി കൃത്യമായ മറുപടി നല്‍കിയില്ല. മദ്യനിര്‍മ്മാണശാല ഒന്നിലാണോ വരുന്നതെന്ന കാര്യം തനിക്ക് അറിയില്ലെന്നാണ് മന്ത്രി പ്രതികരിച്ചത്.
എന്നാല്‍, പാലക്കാട് എലപ്പുള്ളിയില്‍ ആരംഭിക്കാന്‍ പോകുന്ന മദ്യനിര്‍മ്മാണശാല കാറ്റഗറി ഒന്നിലാണ് ഉള്‍പ്പെടുന്നത്. അതിനാല്‍ തന്നെ നിലവിലെ വ്യവസ്ഥകള്‍ പ്രകാരം ഏകജാലക സംവിധാനം പ്രയോജനപ്പെടുത്തികൊണ്ട് ലൈസന്‍സ് ലഭിക്കും.
അതേസമയം, മദ്യനിര്‍മ്മാണശാല ആരംഭിക്കുന്നതിനായാണ് സര്‍ക്കാര്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്നതെന്ന് എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു ആരോപിച്ചു. പഞ്ചായത്തുക്കളുടെ അധികാരത്തിന് മേലുള്ള കൈക്കടത്താലാണ് പുതിയ സര്‍ക്കാര്‍ തീരുമാനം. എക്‌സൈസ് മന്ത്രി പണം കൈപ്പറ്റി അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണ്. അതിനായാണ് നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നതെന്നും അവര്‍ ആരോപിച്ചു.