സംവിധായകന്‍ ഷങ്കറിന്റെ 10.11 കോടിയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി

ചെന്നൈ: സംവിധായകന്‍ എസ് ഷങ്കറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 10.11 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. പിഎംഎല്‍എ ആക്ട് പ്രകാരമാണ് ഇ ഡി ചെന്നൈ സോണല്‍ ഓഫീസിന്റെ നടപടി. രജനീകാന്തിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്ത എന്തിരനെതിരെ ഉയര്‍ന്ന കോപ്പിയടി പരാതിയിലാണ് നടപടി.
താന്‍ എഴുതിയ ജിഗുബ എന്ന കഥയുമായി ഷങ്കറിന്റെ എന്തിരന് സാമ്യമുണ്ടെന്ന ആരോപണവുമായി ആരൂര്‍ തമിഴ്‌നാഥന്‍ എന്നയാളാണ് രംഗത്തെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇയാള്‍ എഗ്മോര്‍ മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. 2011ലായിരുന്നു ഇയാള്‍ പരാതിയുമായി കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഇ ഡി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവയ്ക്കായി ഷങ്കറിന് 11.5 കോടി രൂപ പ്രതിഫലം ലഭിച്ചതായി ഇ ഡിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. പരാതിക്കാരന്‍ എഴുതിയ ജിഗുബയുമായി എന്തിരന്റെ കഥയ്ക്ക് സാമ്യമുള്ളതായി ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും കണ്ടെത്തിയിരുന്നു.