കാക്കനാട്ടെ കൂട്ട ആത്മഹത്യ: സഹോദരിയുടെ ജോലിയുമായി ബന്ധപ്പെട്ട വിഷയമെന്ന് സൂചന, കുറിപ്പ് കണ്ടെത്തി

കൊച്ചി കാക്കനാട് മരിച്ച നിലയിൽ കണ്ടെത്തിയ ജി എസ് ടി അഡീഷണൽ കമ്മീഷണറുടെയും കുടുംബത്തിന്റെയും പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. ജാർഖണ്ഡ് സ്വദേശികളായ മനീഷ് വിജയ്, സഹോദരി ശാലിനി വിജയ്, അമ്മ ശകുന്തള അഗർവാൾ എന്നിവരെയാണ് കസ്റ്റംസ് ക്വാർട്ടേഴ്സിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം ഹിന്ദിയിലെഴുതിയ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്
ശാലിനിയുടെ സർക്കാർ ജോലിയുമായി ബന്ധപ്പെട്ട ആരോപണങ്ങളും കേസുമാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മക്കൾ ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. രണ്ടാഴ്ചയായി മനീഷ് ഓഫീസിലെത്തിയിട്ടില്ലായിരുന്നു. അന്വേഷിച്ചെത്തിയപ്പോഴാണ് വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടത്.
ആദ്യ ഘട്ടത്തിൽ മനീഷിന്റെയും സഹോദരിയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പിന്നീട് കതക് പൊളിച്ച് അകത്ത് കടന്നപ്പോഴാണ് അമ്മ ശകുന്തളയുടെ മൃതദേഹം കട്ടിലിൽ കിടക്കുന്ന നിലയിലും കണ്ടത്. മൃതദേഹങ്ങൾ അഴുകിയ നിലയിലാണ്
2011 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥനാണ് മനീഷ്. കഴിഞ്ഞ വർഷം ശാലിനി ജാർഖണ്ഡ് പി എസ് സി പരീക്ഷ ഒന്നാം റാങ്കോടെ പാസായിരുന്നു. ഇവർ അവിടെ ജോലിയിലും പ്രവേശിച്ചിരുന്നു. വിദേശത്തുള്ള സഹോദരിയെ അറിയിക്കണമെന്നാണ് മൃതദേഹത്തിന് സമീപത്തുള്ള കുറിപ്പിലുള്ളത്.