ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപ സംഗമം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; പ്രതീക്ഷയോടെ സർക്കാർ

ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപ സംഗമത്തിന് ഇന്ന് കൊച്ചിയിൽ തുടക്കമാകും. മേള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രിമാരും വിദേശ രാജ്യങ്ങളിലെ ഭരണാധികാരികളും അടക്കം 3000ത്തിലേറെ പ്രതിനിധികൾ മേളയിൽ പങ്കെടുക്കും. സംസ്ഥാനത്തിന്റെ വ്യവസായ നിക്ഷേപ രംഗത്ത് വലിയ മാറ്റങ്ങൾക്ക് മേള തുടക്കമിടുമെന്നാണ് പ്രതീക്ഷിക്കുന്നത്
രാജ്യത്തെ പ്രധാനപ്പെട്ട വൻകിട കമ്പനികളുടെ പ്രതിനിധികളെ മേളയിലേക്ക് സർക്കാർ ക്ഷണിച്ചിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തും വലിയ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ച ശേഷമാണ് മേള നടത്തുന്നത്. നിതിൻ ഗഡ്ഗരി, പീയുഷ് ഗോയൽ എന്നീ കേന്ദ്രമന്ത്രിമാരും മേളയുടെ ഭാഗമാകും.
യുഎഇ ധനമന്ത്രി, ബഹ്റൈൻ വ്യവസായ മന്ത്രി എന്നിവരും നിക്ഷേപ സംഗമത്തിൽ പങ്കെടുക്കും. വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാരും മേളയിൽ പങ്കെടുക്കും. എത്ര രൂപയുടെ നിക്ഷേപം എത്തുമെന്ന കാര്യത്തിൽ രണ്ടാം ദിനത്തോടെ വ്യക്തത ലഭിക്കും. മുഖ്യമന്ത്രി രണ്ട് ദിവസവും സജീവമായി മേളയിൽ പങ്കെടുക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടന ദിവസവും സമാപന ദിവസം പികെ കുഞ്ഞാലിക്കുട്ടിയും മേളയിൽ പങ്കെടുക്കും.