
ദുബായ്: യുഎഇ വിമണ്‍ 2025 സൈക്ലിംഗ് ടൂറിന്റെ ഭാഗമായി ഇന്ന് ദുബായിലെ ചില റോഡുകള്‍ കുറഞ്ഞ സമയത്തേക്ക് അടച്ചിടുമെന്ന് ആര്‍ടിഎ വ്യക്തമാക്കി. ഉച്ചക്ക് 12.30ന് മത്സരാര്‍ത്ഥികള്‍ ദുബായിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഓട്ടം ആരംഭിക്കുന്നത് കണക്കിലെടുത്താണ് റോഡുകള്‍ അടച്ചിടാന്‍ ആര്‍ട്ടിഎ തീരുമാനിച്ചിരിക്കുന്നത്.
ഉച്ച മുതല്‍ വൈകിട്ട് നാലര വരെ സൈക്ലിംഗ് സംഘം കടന്നുപോകുന്ന വഴികളിലെ റോഡുകള്‍ 10 മുതല്‍ 15 മിനിറ്റ് വരെയാണ് താല്‍ക്കാലികമായി അടക്കുക. ട്രാഫിക് സുഗമമായി കൈകാര്യം ചെയ്യാന്‍ വേണ്ടിയാണ് നടപടി. പരിപാടിയുടെ റൂട്ടില്‍ ഉള്‍പ്പെടുന്ന റോഡുകള്‍ ഉപയോഗിക്കുന്നവര്‍ റാസല്‍ഖോര്‍ റോഡ്, എമിറേറ്റ്‌സ് റോഡ് തുടങ്ങിയ ബദല്‍ പാതകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്ന് പാര്‍ട്ടിയെ അഭ്യര്‍ത്ഥിച്ചു.
160 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സൈക്ലിങ് ടൂര്‍ ഹംദാന്‍ ബിന്‍ മുഹമ്മദ് സ്മാര്‍ട്ട് യൂണിവേഴ്‌സിറ്റിക്ക് സമീപമാണ് അവസാനിക്കുക. ശൈഖ് സായിദ് റോഡ്, അല്‍ നസീം സ്ട്രീറ്റ്, അല്‍ ഖൈല്‍ റോഡ്, അല്‍ ജമായേല്‍ സ്ട്രീറ്റ്, ശൈഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹിയാന്‍ സ്ട്രീറ്റ് എന്നീ വഴികളിലൂടെയാണ് സൈക്കിള്‍ സംഘം കടന്നുപോവുക.