ഒരു റണ്ണിന്റെയും രണ്ട് റണ്ണിന്റെയും വില; ചരിത്രം കുറിച്ച് കേരളം രഞ്ജി ട്രോഫി ഫൈനലിൽ

കേരളം രഞ്ജി ട്രോഫി ഫൈനലിൽ പ്രവേശിച്ചു. 74 വർഷത്തെ രഞ്ജി ട്രോഫി ചരിത്രത്തിൽ ഇതാദ്യമായാണ് കേരളം ഫൈനൽ കളിക്കുന്നത്. സെമിയിൽ ഗുജറാത്തിനെതിരായ മത്സരം സമനിലയിൽ പിരിഞ്ഞെങ്കിലും ഒന്നാമിന്നിംഗ്‌സിൽ സ്വന്തമാക്കിയ നിർണായകമായ 2 റൺസ് ലീഡാണ് കേരളത്തിന് ഫൈനലിലേക്കുള്ള പ്രവേശനം സാധ്യമാക്കിയത്
കേരളം ഒന്നാമിന്നിംഗ്‌സിൽ 457 റൺസാണ് എടുത്തത്. മറുപടി ബാറ്റിംഗിൽ ഗുജറാത്ത് ലീഡിനായി പൊരുതിയെങ്കിലും 455 റൺസിന് ഓൾ ഔട്ടായി. രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച കേരളം അവസാന സെഷനിൽ 4 വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് എടുത്ത് നിൽക്കെ മത്സരം അവസാനിപ്പിക്കാൻ ഗുജറാത്ത് തയ്യാറാകുകയായിരുന്നു
ട്വിസ്റ്റുകൾക്ക് മേൽ ട്വിസ്റ്റുകൾ നിറഞ്ഞ മത്സരമാണ് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ നടന്നത്. അഞ്ചാം ദിനമായ ഇന്ന് 429ന് 7 വിക്കറ്റ് എന്ന നിലയിലാണ് ഗുജറാത്ത് ബാറ്റിംഗ് പുനരാരംഭിച്ചത്. ലീഡ് പിടിക്കാൻ മൂന്ന് വിക്കറ്റുകൾ ശേഷിക്കെ അവർക്ക് വേണ്ടിയിരുന്നത് വെറും 29 റൺസ് കൂടിയായിരുന്നു. സ്‌കോർ 436ൽ നിൽക്കെ ഗുജറാത്തിന്റെ എട്ടാം വിക്കറ്റ് വീണു.
446ൽ ഒമ്പതാം വിക്കറ്റും വീണതോടെ കേരളം ലീഡ് സ്വപ്‌നം കാണാൻ തുടങ്ങി. അവസാന വിക്കറ്റിൽ പി ജഡേജയും അർസാൻ നാഗാസ് വാലയും പിടിച്ചുനിന്നതോടെ കേരളവും സമ്മർദത്തിലേക്ക് വീണു. എന്നാൽ 175ാം ഓവറിലെ നാലാം പന്തിൽ കൂറ്റനടിക്ക് ശ്രമിച്ച നാഗാസ് വാലക്ക് പിഴച്ചു. പന്ത് നേരെ പോയി കൊണ്ടത് ഡീപ് ലെഗിൽ ഫീൽഡ് ചെയ്ത സൽമാൻ നിസാറിന്റെ ഹെൽമറ്റിലേക്കാണ്. ഹെൽമറ്റിൽ നിന്നുമുയർന്ന പന്ത് നേരെ സ്ലിപ്പിൽ ഫീൽഡ് ചെയ്ത സച്ചിൻ ബേബിയുടെ കൈകളിലേക്ക്. കേരളം അങ്ങനെ സ്വന്തമാക്കിയത് 2 റൺസ് ലീഡ്
കേരളത്തിനായി ജലജ് സക്‌സേനയും ആദിത്യ സർവതെയും നാല് വീതം വിക്കറ്റുകൾ സ്വന്തമാക്കി. എംഡി നിധീഷും എൻ ബേസിലും ഓരോ വിക്കറ്റ് നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കേരളത്തിന് 31 റൺസെടുക്കുന്നതിനിടെ 2 വിക്കറ്റുകൾ നഷ്ടമായതോടെ വീണ്ടും ട്വിസ്റ്റ്. 67ൽ മൂന്നാം വിക്കറ്റും 81ൽ നാലാം വിക്കറ്റും വീണു. ഇതോടെ മത്സരം സൂപ്പർ ക്ലൈമാക്‌സിലേക്ക് നീളുമെന്ന ആശങ്കയായി.
എന്നാൽ അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ജലജ് സക്‌സേനയും അഹമ്മദ് ഇമ്രാനും കൂടി മത്സരം അവസാന സെഷനിലേക്കും നീട്ടി. ജലജ് സക്‌സേന 37 റൺസുമായും ഇമ്രാൻ 14 റൺസുമായും പുറത്താകാതെ നിന്നു. രോഹൻ കുന്നുമ്മൽ 32 റൺസിനും അക്ഷയ് ചന്ദ്രൻ 9 റൺസിനും വരുൺ നായനാർ ഒരു റൺസിനും സച്ചിൻ ബേബി 10 റൺസെടുത്തും പുറത്തായി
ക്വാർട്ടർ ഫൈനലിൽ ഒന്നാമിന്നിംഗ്‌സിൽ നേടിയ ഒരു റൺസിന്റെ ലീഡിലാണ് കേരളം സെമി ഫൈനലിലേക്ക് പ്രവേശിച്ചത്. സെമിയിലാകട്ടെ നിർണായകമായ രണ്ട് റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡും നേടി ഫൈനലിലേക്കും. ഫൈനലിൽ വിദർഭയാണ് കേരളത്തിന്റെ എതിരാളികൾ. മുംബൈയെ തകർത്താണ് വിദർഭ ഫൈനലിൽ പ്രവേശിച്ചത്