ജിഎസ്ടി കമ്മിഷണറുടേയും കുടുംബത്തിന്റേയും ആത്മഹത്യ സിബിഐ അറസ്റ്റ് ഭയന്ന്; ശാലിനിക്ക് പരീക്ഷാ ക്രമക്കേട് കേസില്‍ സമന്‍സ് ലഭിച്ചിരുന്നെന്ന് മൊഴി

കാക്കനാട്ടെ ജിഎസ്ടി കമ്മിഷണറുടേയും കുടുംബത്തിന്റേയും ആത്മഹത്യയുടെ കാരണം സംബന്ധിച്ച നിര്‍ണായക സൂചനകള്‍ അന്വേഷണസംഘത്തിന്. മനീഷിന്റെ സഹോദരി ശാലിനിയ്ക്ക് പരീക്ഷ ക്രമക്കേടില്‍ സിബിഐ സമന്‍സ് അയച്ചിരുന്നു. അറസ്റ്റ് ഭയന്നാകാം ഈ കുടുംബം കൂട്ടആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് സംശയിക്കുന്നത്. ശാലിനിയുടെ ജോലി നഷ്ടപ്പെടുമോ എന്നുള്‍പ്പെടെ കുടുംബത്തിന് ആശങ്കയുണ്ടായിരുന്നു.
ഈ മാസം 15ന് ഹാജരാകണമെന്നാണ് സിബിഐ ശാലിനിക്ക് അയച്ച സമന്‍സില്‍ പറഞ്ഞിരുന്നത്. ഝാര്‍ഖണ്ഡ് പരീക്ഷ ക്രമക്കേട് കേസില്‍ ശാലിനിയ്ക്ക് സമന്‍സ് ലഭിച്ചതായി മനീഷ് സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് കണ്ടെടുത്ത മൂന്ന് മൃതദേഹങ്ങള്‍ക്കും അഞ്ച് ദിവസത്തോളം പഴക്കമുള്ളതിനാല്‍ ഹാജരാകാന്‍ നിര്‍ദേശിച്ച 15-ാം തിയതി മൂവരും ആത്മഹത്യ ചെയ്തതാകാമെന്നാണ് മനീഷിന്റെ സഹപ്രവര്‍ത്തകരുടെ മൊഴിയില്‍ നിന്ന് പൊലീസ് അനുമാനിക്കുന്നത്.
തൃക്കാക്കരയില്‍ മരിച്ച കസ്റ്റംസ് ഉദ്യോഗസ്ഥന്‍ മനീഷ് വിജയ്, സഹോദരി ശാലിനി, മാതാവ് ശകുന്തള അഗര്‍വാള്‍ എന്നിവരുടെ പോസ്റ്റ് മോര്‍ട്ടം ഇന്ന് കളമശേരി മെഡിക്കല്‍ കോളേജില്‍ നടക്കും. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ജാര്‍ഖണ്ഡിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. മനീഷിന്റെ മറ്റൊരു സഹോദരി വിദേശത്താണ്. ഇന്നലെ 6 മണിയോടെയാണ് മൂന്നഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മനീഷും, ശാലിനിയും തൂങ്ങി മരിച്ച നിലയിലായിരുന്നു. ആത്മഹത്യയെന്ന് പോലീസ് ഉറപ്പിക്കുന്നുണ്ട്. എന്നാല്‍ അമ്മ കട്ടിലില്‍ മരിച്ച കിടക്കുന്നതായാണ് കണ്ടെത്തിയത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ അമ്മയുടെ മരണ കാരണം വ്യക്തമാക്കാനാവു എന്ന് പോലീസ് അറിയിച്ചു.
ഇന്നലെ രാത്രി ആറരയോട് കൂടിയാണ് സംഭവം പുറംലോകം അറിയുന്നത്. ജിഎസ്ടി ഓഡിറ്റ് കമ്മീഷണറേറ്റ് അഡീഷണല്‍ ഡയറക്ടര്‍ മനീഷ് വിജയിയും കുടുംബവുമാണ് മരിച്ചത്. മൃതദേഹത്തിന് അടുത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ വിദേശത്തുള്ള സഹോദരിയെ മരണവിവരം അറിയിക്കണമെന്ന് മാത്രമാണ് എഴുതിയിട്ടുള്ളത്. മനീഷ് വിജയിയും സഹോദരി ശാലിനി വിജയിയും തൂങ്ങിയ നിലയിലായിരുന്നു. അമ്മ ശകുന്തള അഗര്‍വാളിന്റെ മൃതദേഹം കിടക്കയില്‍ കിടക്കുന്ന രീതിയിലായിരുന്നു. ഇവരുടെ മൃതദേഹത്തോടു ചേര്‍ന്ന് കുടുംബ ഫോട്ടോയും വെച്ചിരുന്നു. അമ്മയുടെ മൃതദേഹത്തില്‍ പൂക്കള്‍ വിതറിയിരുന്നതായി ദൃക്‌സാക്ഷികള്‍ അറിയിച്ചിരുന്നു.