
അബുദാബി: ഫ്രാന്‍സില്‍ നിന്നുള്ള 80 റഫേല്‍ യുദ്ധവിമാനങ്ങള്‍ യുഎഇക്ക് കൈമാറിയതായി പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. 63.5 ബില്യണ്‍ ദിര്‍ഹത്തിന്റെ ഇടപാടില്‍ ആദ്യഘട്ട ഫ്രഞ്ച് വിമാനങ്ങളാണ് കൈമാറിയിരിക്കുന്നത്. ദസാള്‍ട്ട് ഏവിയേഷന്‍ കമ്പനിയാണ് ലോകത്ത് തന്നെ ഏറ്റവും മുന്തിയ ഇനം ഫൈറ്റര്‍ ജെറ്റുകളായ റഫേലിന്റെ നിര്‍മാതാക്കള്‍.
യുഎഇയും ഫ്രാന്‍സും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രതിഫലനമാണ് ചരിത്രപരമായ ഈ കൈമാറ്റം. ഉഭയകക്ഷി ബന്ധത്തിലെ ഏറ്റവും വലിയ പ്രതിരോധ ഉപകരണ കൈമാറ്റമാണിത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധ സാങ്കേതികവിദ്യകളുമായാണ് യുദ്ധവിമാനങ്ങള്‍ യുഎഇയിലേക്ക് എത്തുന്നത്. യുഎഇയുടെ സൈനിക മേഖലയെ കൂടുതല്‍ ആധുനികവല്‍ക്കരിക്കാനുള്ള ശ്രമത്തിലേക്കുള്ള സുപ്രധാനമായ ചുവടുവെയ്പ്പാണിത്.
യുദ്ധവിമാനങ്ങള്‍ കൈമാറുന്നതുമായി ബന്ധപ്പെട്ട് ഫ്രാന്‍സില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ യുഎഇ പ്രതിരോധ സഹമന്ത്രി മുഹമ്മദ് ബിന്‍ മുബാറക് അല്‍ മസ്‌റുഇ, ഫ്രഞ്ച്-യുഎഇ ഉദ്യോഗസ്ഥര്‍ക്കൊപ്പം പങ്കെടുത്തിരുന്നു. ലോകം മുഴുവനുമുള്ള യുദ്ധഭൂമികളില്‍ വളരെ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുന്നതെന്ന് തെളിയിക്കപ്പെട്ട യുദ്ധവിമാനമാണ് റഫേല്‍ ശ്രേണിയിലുള്ളതെന്ന് യുഎഇ എയര്‍ഫോഴ്‌സ് മേധാവി മേജര്‍ ജനറല്‍ റാഷിദ് മുഹമ്മദ് അല്‍ ഷംസി അഭിപ്രായപ്പെട്ടു. യുഎഇയുടെ വലിയൊരു മുതല്‍ക്കൂട്ടായി റഫേല്‍ യുദ്ധവിമാനങ്ങള്‍ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. കടലിലായാലും കരയിലായാലും കൃത്യമായി ലക്ഷ്യസ്ഥാനങ്ങളെ ആക്രമിക്കാന്‍ സാധിക്കുമെന്നതാണ് ഈ വിമാനങ്ങളുടെ പ്രത്യേകതയെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.