എ വി റസലിന്റെ മൃതദേഹം ഇന്ന് കോട്ടയത്ത് എത്തിക്കും; കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം

കഴിഞ്ഞ ദിവസം അന്തരിച്ച സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസലിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാവിലെ ഒമ്പത് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം മുതിർന്ന സിപിഎം നേതാക്കളും കോട്ടയം സിപിഎം ജില്ലാ കമ്മിറ്റിയും ചേർന്ന് ഏറ്റുവാങ്ങും. ഉച്ചയ്ക്ക് 12 മണിയോടെയാണ് കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം.
റസൽ ദീർഘകാലം ഏരിയാ സെക്രട്ടറിയായിരുന്ന ചങ്ങനാശ്ശേരി പാർട്ടി ഓഫീസിലേക്ക് ഉച്ചയ്ക്ക് ശേഷം വിലാപയാത്രയായി മൃതദേഹം കൊണ്ടുപോകും. വൈകിട്ടോടെ ചങ്ങനാശ്ശേരി തെങ്ങണയിലെ വീട്ടിലെത്തിക്കും. മൃതദേഹം നാളെ ഉച്ചയ്ക്ക് 12 മണിയോടെയാവും സംസ്‌കരിക്കുക.
കാൻസർ രോഗബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസമാണ് റസൽ മരിച്ചത്. 2021ൽ ജില്ലാ സെക്രട്ടറിയായിരുന്ന വി എൻ വാസവൻ നിയമസഭാംഗമായതോടെയാണ് റസൽ ആദ്യമായി ജില്ലാ സെക്രട്ടറിയായത്. പിന്നീട് കഴിഞ്ഞ ജില്ലാ സമ്മേളനത്തിൽ വീണ്ടും ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.