
അബുദാബി: രാജ്യത്തിന്റെ കമ്പോളത്തില്‍ കുത്തകവത്കരണം സംഭവിക്കാതിരിക്കാനും മാന്യമായ രീതിയിലുള്ള കമ്പോള സാഹചര്യം നിലനിര്‍ത്താനും ലക്ഷ്യമിട്ട് പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങളുമായി യുഎഇ സാമ്പത്തിക കാര്യ മന്ത്രാലയം. യുഎഇയിലെ കമ്പോളത്തെ പക്വതയിലേക്ക് എത്തിക്കാനുള്ള പ്രധാനപ്പെട്ട ചുവടാണ് നടപടിയെന്ന് സാമ്പത്തിക മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി അബ്ദുള്ള അഹമ്മദ് സാലിഹ് വ്യക്തമാക്കി.
യുഎഇ സ്വതന്ത്ര കമ്പോളത്തെ അനുകൂലിക്കുന്ന രാജ്യമാണെന്നും എന്നാല്‍ മാന്യമായ രീതി പിന്തുടരാത്ത മത്സരങ്ങളും കുത്തകവല്ക്കരണവും കമ്പോളത്തില്‍ യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏതെങ്കിലും സ്ഥാപനത്തിന്റെ കമ്പോളത്തിലെ മാര്‍ക്കറ്റ് വിഹിതം 40 ശതമാനത്തില്‍ കൂടുതല്‍ ആവുകയോ, അല്ലെങ്കില്‍ 30 കോടി ദിര്‍ഹത്തിന് മുകളിലെത്തുകയോ ചെയ്താല്‍ അത്തരം സ്ഥാപനങ്ങള്‍ അധികാരികളെ ആ വിവരം അറിയിക്കേണ്ടതാണ്. കമ്പനികള്‍ ഇക്കാര്യം മന്ത്രാലയത്തെ അറിയിച്ച് 90 ദിവസത്തിനുള്ളില്‍ നടപടി സ്വീകരിക്കണം. ഇത്തരം കേസുകളില്‍ കമ്പനിയുടെ അപേക്ഷ മന്ത്രാലയം നിരാകരിക്കുന്ന പക്ഷം ആ സ്ഥാപനത്തിന് തങ്ങളുടെ ബിസിനസ് നടത്താന്‍ സാധ്യമാകില്ലെന്നും അദ്ദേഹം വിശദീകരിച്ചു.