Kerala
കൊല്ലത്ത് ട്രെയിൻ അട്ടിമറി ശ്രമം; റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് കൊണ്ടിട്ടു

കൊല്ലം കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് കണ്ടെത്തി. സംഭവത്തിൽ പുനലൂർ പോലീസ് അന്വേഷണം ആരംഭിച്ചു. ട്രെയിൻ അട്ടിമറി ശ്രമമാണോ നടന്നതെന്ന് കേന്ദ്രീകരിച്ചാണ് അന്വേഷണം. ശനിയാഴ്ച പുലർച്ചെ ഒന്നര മണിയോടെയാണ് ഇത്തരത്തിൽ പോസ്റ്റ് റെയിൽ പാളത്തിൽ കണ്ടെത്തുന്നത്.
സമീപത്തുള്ള ഒരാൾ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഏഴുകോൺ പോലീസ് എത്തി ഈ പോസ്റ്റ് മാറ്റിയിട്ടു. പിന്നീട് മണിക്കൂറുകൾക്ക് ശേഷം വീണ്ടും പോസ്റ്റ് റെയിൽവേ പാളത്തിൽ കണ്ടെത്തി. ഇതാണ് അട്ടിമറി ശ്രമമാണോ നടന്നതെന്ന സംശയം വർധിപ്പിച്ചത്.
പാലരുവി എക്സ്പ്രസ് കടന്നുപോകുന്നതിന് മുമ്പാണ് പോസ്റ്റ് കണ്ടെത്തിയത്. ട്രെയിൻ ഇതുവഴി കടന്നുപോകുന്നതിന് മുമ്പ് തന്നെ പോസ്റ്റ് കണ്ടെത്തി മാറ്റാൻ കഴിഞ്ഞതിനാൽ വൻ അപകടമാണ് ഒഴിവായത്.