കൊല്ലത്ത് ടെലിഫോൺ പോസ്റ്റ് റെയിൽവേ പാളത്തിലിട്ടത് മുറിച്ച് ആക്രിയാക്കി വിൽക്കാനെന്ന് പ്രതികളുടെ മൊഴി

കൊല്ലത്ത് ടെലിഫോൺ പോസ്റ്റ് റെയിൽവേ പാളത്തിലിട്ടത് മുറിച്ച് ആക്രിയാക്കി വിൽക്കാനെന്ന് പ്രതികളുടെ മൊഴി. സംഭവത്തിൽ കുണ്ടറ സ്വദേശികളായ രാജേഷ്, അരുൺ എന്നിവരെ പൊലീസ് പിടികൂടിയിരുന്നു.
പോസ്റ്റ് മുറിച്ചു ആക്രിയാക്കി വിറ്റ് പണമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പോസ്റ്റ് പാളത്തിൽ കൊണ്ടുപോയി വെച്ചതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. ട്രെയിൻ കടന്നു പോകുമ്പോൾ പോസ്റ്റ് മുറിയും എന്ന് കരുതിയാണ് പാളത്തിൽ ഇട്ടത്. പൊലീസ് ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. പ്രതികളുടെ മൊഴി ഇപ്രകാരമാണെങ്കിലും അട്ടിമറി സാധ്യത അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.
ക്രിമിനൽ പശ്ചാത്തലമുള്ള ആളുകളാണ് ഇരുവരും. ഇതിൽ ഒരാൾ പൊലീസുകാരനെ അക്രമിച്ച കേസിലും പ്രതിയാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിനെ ലഭിച്ചിരുന്നു. തുടർന്ന് മൊബൈൽടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് ആദ്യം കണ്ടെത്തുന്നത്. തുടർന്ന് പ്രദേശവാസി അറിയിച്ചതിനെത്തുടർന്ന് എഴുകോൺ പൊലീസ് എത്തി പോസ്റ്റ് മാറ്റിയിട്ടു. പോസ്റ്റ് മാറ്റിയിട്ട് മണിക്കുറുകൾക്കു ശേഷം പോലീസ് എത്തി പരിശോധന നടത്തിയപ്പോൾ വീണ്ടും പാളത്തിനുകുറുകെ പോസ്റ്റ് കണ്ടെത്തി. ഇത്തരത്തിൽ രണ്ട് തവണ പോസ്റ്റ് പാളത്തിൽ കണ്ടെത്തിയതോടെയാണ് അട്ടിമറി സാധ്യത പോലീസ് സംശയിച്ചത്.