Movies

ദൃശ്യം-3; മലയാളത്തെ പിന്നിലാക്കാന്‍ ഹിന്ദി പതിപ്പ്: ഷൂട്ടിങ് ഉടൻ ആരംഭിക്കും

ദേശാന്തരങ്ങള്‍ കടന്ന് അംഗീകാരങ്ങള്‍ നേടിയ സിനിമയാണ് ദൃശ്യം. കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കിയ ക്രൈം ത്രില്ലര്‍ ചിത്രം അതുവരെയുള്ള ക്രൈം സിനിമകളില്‍ നിന്ന് വ്യത്യസ്തമായ അനുഭവമാണ് പ്രേക്ഷകന് സമ്മാനിച്ചത്. ജിത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായെത്തിയ ദൃശ്യം ഒന്നും രണ്ടും ഭാഗങ്ങള്‍ മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റായി മാറി. ഹിന്ദി തെലുങ്ക്, കൊറിയന്‍, ചൈനീസ് ഭാഷകളില്‍ ഉള്‍പ്പടെ റീമേക്ക് ചെയ്ത ചിത്രം അവിടെയും മികച്ച അഭിപ്രായമാണ് നേടിയത്.

ദൃശ്യത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങള്‍ വമ്പന്‍ ഹിറ്റായതോടെ മൂന്നാം ഭാഗത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു മലയാളി പ്രേക്ഷകര്‍. ഇപ്പോഴിതാ ആ ആകാംക്ഷയ്ക്ക് വിരാമമിട്ട് ദൃശ്യം 3-ന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് മോഹന്‍ലാല്‍ സമൂഹ മാധ്യമത്തിലൂടെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

എന്നാല്‍ ദൃശ്യം 3-ന്റെ ഷൂട്ടിങ് എന്ന് ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും സിനിമയുടെ ഹിന്ദി പതിപ്പ് മലയാളത്തെ മറികടക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ദൃശ്യം 3 ഹിന്ദി പതിപ്പ് ഉടന്‍ ആരംഭിക്കുമെന്നാണ് പിങ്ക്വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. അജയ് ദേവ്ഗണ്‍ നായകനായെത്തിയ ദൃശ്യം ഒന്നും രണ്ടും ഹിന്ദി പതിപ്പിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

സിനിമയുടെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ഈ വര്‍ഷം ഓഗസ്റ്റില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ദൃശ്യം 2 ഹിന്ദി പതിപ്പ് സംവിധാനം ചെയ്ത അഭിഷേക് പഥക് തന്നെയാകും ഈ ചിത്രവും സംവിധാനം ചെയ്യുക. സംവിധായകനും സംഘവും നടനുമായി ചര്‍ച്ചകള്‍ നടത്തിയെന്നും വീണ്ടും ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അജയ് ദേവ്ഗണ്‍ സമ്മതം മൂളിയെന്നും പിങ്ക്വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.

അജയ് ദേവ്ഗണ്‍ ഇപ്പോള്‍ ദേ ദേ പ്യാര്‍ ദേ 2, ധമാല്‍ 4, റേഞ്ചര്‍ എന്നീ സിനിമകളുടെ തിരക്കലാണ്. ഈ സിനിമകള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ദൃശ്യം 3 ആരംഭിക്കുക എന്നാണ് സൂചന. 2015 ലായിരുന്നു ദൃശ്യം ഹിന്ദി റീമേക്ക് ആദ്യം റിലീസ് ചെയ്തത്. വിജയ് സല്‍ഗോങ്കര്‍ എന്ന കഥാപാത്രമാണ് അജയ് ദേവ്ഗണ്‍ അവതരിപ്പിച്ചത്. ദൃശ്യം 3 തിരക്കഥയിലെ ട്വിസ്റ്റുകളും സംഭവങ്ങളും അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

ആഗോളതലത്തില്‍ 150 കോടിയോളം രൂപയാണ് സിനിമ നേടിയത്. നിഷികാന്ത് കാമത്തായിരുന്നു ചിത്രം സംവിധാനം ചെയ്തത്. 2022 ലാണ് ദൃശ്യം 2 ഹിന്ദി റീമേക്ക് റിലീസ് ചെയ്തത്. സിനിമയുടെ മലയാളം പതിപ്പ് ആമസോണ്‍ പ്രൈമിലൂടെ ഒടിടി സ്ട്രീം ചെയ്യുകയായിരുന്നുവെങ്കില്‍ ഹിന്ദി പതിപ്പ് തിയേറ്ററുകളില്‍ റിലീസ് ചെയ്ത് 300 കോടിയിലധികം രൂപ നേടി. നിഷികാന്ത് കാമത്തിന്റെ വിയോഗത്തിന് പിന്നാലെ അഭിഷേക് പഥക് ചിത്രത്തിന്റെ സംവിധായകനാവുകയായിരുന്നു. അജയ് ദേവ്ഗണിന് പുറമെ തബു, ശ്രീയ ശരണ്‍ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Related Articles

Back to top button
error: Content is protected !!