ജമ്മുവിൽ 30 അടി താഴ്ചയുള്ള കൊക്കയിലേക്ക് ബസ് മറിഞ്ഞ്; ഡ്രൈവർ മരിച്ചു: 15 പേർക്ക് പരിക്ക്

ജമ്മുവിലെ കത്രയിൽ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിൽ നിന്ന് ഡൽഹിയിലേക്ക് തീർത്ഥാടകരുമായി പോയ ബസ് 30 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു. ശനിയാഴ്ച വൈകുന്നേരം ജമ്മുവിലെ അംഭല്ലയ്ക്ക് സമീപമാണ് അപകടമുണ്ടായത്. സംഭവത്തിന് പിന്നാലെ ഒരാൾ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
ബസ് ഡ്രൈവറാണ് മരിച്ചത്. ഇദ്ദേഹത്തിൻ്റെ മൃതദേഹം ജമ്മു പോലീസ് കണ്ടെടുത്തു. ഹിമാചൽ പ്രദേശ് സ്വദേശിയായ രാകേഷാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞതായും ഉദ്യോഗസ്ഥർ പറഞ്ഞു.
ജമ്മു ബസ് സ്റ്റാൻഡിൽ നിന്ന് ഏകദേശം എട്ട് കിലോമീറ്റർ അകലെയാണ് അപകടം നടന്നത്. പെട്ടെന്നുള്ള വളവിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ നിന്ന് തെന്നിമാറിയതായതാണ് അപകട കാരണമെന്ന് അധികൃതർ പറയുന്നു.
ജമ്മു പോലീസ്, സംസ്ഥാന ദുരന്ത നിവാരണ സംഘം, അഗ്നിശമന സേന, അടിയന്തര സേവന സംഘങ്ങൾ ഉടൻ സ്ഥലത്തെത്തി. ബസിലുണ്ടായിരുന്ന 17 യാത്രക്കാരെയും ജമ്മുവിലെ സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പരിക്കേറ്റവരുടെ നില സ്ഥിരമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പോലീസ് ഈ സ്ഥലത്ത് രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു.