കോവിഡ് മഹാമാരിക്ക് കാരണമായ കൊറോണ വൈറസിന് സമാനം; പുതിയ വകഭേദം കണ്ടെത്തി ചൈന

വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ള കൊറോണ വൈറസിന്റെ പുതിയ വകഭേദം ചൈനയിൽ കണ്ടെത്തി. വൈറോളജിസ്റ്റ് ഷി ഷെങ്‌ലിയുടെ നേതൃത്വത്തിലുള്ള ചൈനീസ് ഗവേഷകരാണ് ആശങ്ക ഉയർത്തുന്ന പുതിയ വകഭേദം കണ്ടെത്തിയത്.
കോവിഡ് മഹാമാരിക്ക് കാരണമായ ‘SARS CoV-2’ വൈറസുമായി സാമ്യമുള്ള വൈറസിനെയാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. കോവിഡിനു സമാനമായി, ACE2 റിസപ്റ്റർ വഴി മനുഷ്യകോശങ്ങളിലേക്ക് പ്രവേശിക്കാൻ പുതിയ വകഭേദത്തിനും കഴിയുമെന്ന് ഗവേഷകർ വ്യക്തമാക്കി.
മെർസ് വൈറസ് ഉൾപ്പെടുന്ന മെർബെക്കോവൈറസ് ഉപവർഗ്ഗത്തിൽ പെടുന്ന ഈ പുതിയ വൈറസ്, ‘എച്ച്‌കെയു5-CoV-2’ എന്നാണ് അറിയപ്പെടുന്നത്. ഹോംഗ്‌ങ്കോംഗിലെ ജപ്പാനീസ് പിപ്പിസ്‌ട്രെല്ലെ വവ്വാലുകളിൽ നേരത്തെ എച്ച്‌കെയു5 കൊറോണ വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ പുതിയ വകഭേദം ആണ് ഇപ്പോൾ സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ട്.
വവ്വാലുകളിൽ നിന്നും നേരിട്ടോ അല്ലാതെയോ അതിവേഗത്തിൽ മനുഷ്യരിലേക്ക് പകരാൻ ഈ വെറസുകൾക്ക് കഴിയുമെന്നാണ് വിവരം. എന്നാൽ, മനുഷ്യകോശങ്ങളെ ബാധിക്കുന്നതിനുള്ള വൈറസിന്റെ നിലവിലെ കാര്യക്ഷമത കോവിഡ്-19 നേക്കാൾ കുറവാണെന്ന് ഗവേഷകർ വ്യക്തമാക്കിയിട്ടുണ്ട്.
ബാറ്റ് വുമൺ എന്നറിയപ്പെടുന്ന ലോകപ്രശസ്ത ശാസ്ത്രജ്ഞയായ ഷി ഷെങ്‌ലിയുടെ നേതൃത്വത്തിലുള്ള വൈറോളജിസ്റ്റുകളുടെ സംഘമാണ് പുതിയ വൈറസ് കണ്ടെത്തിയിരിക്കുന്നത്. ചൈനീസ് ജേർണലായ സെൽ സയന്റിഫിക്കിലാണ് പുതിയ വൈറസിനെക്കുറിച്ചുളള വിവരങ്ങൾ പ്രസിദ്ധീകരിച്ചത്