തണൽ തേടി: ഭാഗം 41

എഴുത്തുകാരി: റിൻസി പ്രിൻസ്
അതും പറഞ്ഞു സന്ധ്യ ഫോൺ എടുത്ത് അവളുടെ കയ്യിലേക്ക് കൊടുത്തു. ലക്ഷ്മി ഫോൺ വാങ്ങി എന്ത് സംസാരിക്കണം എന്നറിയാത്ത ഒരു അവസ്ഥയിൽ നിന്നു.. മറുപുറത്ത് അവന്റെ അവസ്ഥയും ഇതുതന്നെയായിരുന്നു..
ഹലോ…
അവൾ ഫോൺ കാതോട് ചേർത്ത് പറഞ്ഞു
സന്ധ്യ അപ്പോഴേക്കും കലവും എടുത്തുകൊണ്ട് കിണറ്റിന്റെ കരയിലേക്ക് പോയിരുന്നു.. തങ്ങൾ സംസാരിക്കട്ടെ എന്ന് കരുതിയുള്ള പോക്കാണ് എന്ന് ലക്ഷ്മിക്ക് മനസ്സിലായി.
ഞാ…. ഞാൻ…. ഞാനിവിടെ എത്തിയിരുന്നു കേട്ടോ..
എന്ത് പറയണം എന്ന് അറിയാതെ അവൻ പെട്ടെന്ന് പറഞ്ഞു.
ആണോ..?
മ്മ്മ്…
താനെന്തെടുക്കുകയായിരുന്നു.?
ഞാനിവിടെ ചേച്ചിയോട് സംസാരിക്കുകയായിരുന്നു.
ഞാനിവിടെ നിന്ന് കഴിച്ചിട്ട് ഇറങ്ങും, കഴിച്ചിട്ട് ഇരിക്കണം…
അവൻ പറഞ്ഞു
മ്മ്…
വേറൊന്നുമില്ല എന്നാ ശരി..
അവൻ പറഞ്ഞു
അവിടെ ഫംഗ്ഷൻ ഒക്കെ നന്നായി നടന്നോ.?..
ആഹ് കുഴപ്പമില്ല..
എങ്കിൽ ശരി
ശരി
ഫോൺ വച്ച് കഴിഞ്ഞതും അവന് ഒരു പ്രത്യേക ഫീൽ തോന്നി. അവനാ ഫോൺ കുറച്ചു നേരം തന്റെ നെഞ്ചോട് ഇങ്ങനെ ചേർത്തുപിടിച്ചു..
മറുപുറത്ത് അവളുടെ അവസ്ഥയും മറ്റൊന്നുമായിരുന്നില്ല. ഇത്രയും സമയം മനസ്സ് വല്ലാതെ മൂടികെട്ടി നിൽക്കുകയായിരുന്നു. ഒരു വല്ലാത്ത ശൂന്യത താൻ അനുഭവിക്കുകയായിരുന്നു.
അവന്റെ ശബ്ദം ഒന്ന് കേട്ടപ്പോൾ തന്റെ മനസ്സിൽ എവിടെ നിന്നോ ഇല്ലാത്തൊരു ഉത്സാഹം കൈ വന്നതായി അവൾക്ക് തോന്നി.
ഇത്ര സമയം ആ ശബ്ദം കേൾക്കാത്തതായിരുന്നോ തന്റെ വിഷമം എന്ന് അവൾ അവളോട് തന്നെ ചോദിച്ചിരുന്നു..
സമയം വളരെയധികം ഇഴഞ്ഞാണ് നീങ്ങുന്നത് എന്ന് അവൾക്ക് തോന്നി. ഉച്ചയാവാനുള്ള കാത്തിരിപ്പ് ആയിരുന്നു.
ഉച്ചയ്ക്ക് സന്ധ്യ ചോറ് വിളമ്പി കൊടുത്തപ്പോഴും അവൻ ഇപ്പോൾ ഭക്ഷണം കഴിച്ച് കാണുമോ എന്നാണ് അവൾ ആദ്യം ചിന്തിച്ചത്.
ഒന്നും സമയത്ത് കഴിക്കുന്ന ശീലം ഒന്നും ആൾക്കുള്ളതായി തോന്നുന്നില്ല. എന്തെങ്കിലും തിരക്കിൽ ആണെങ്കിൽ ഭക്ഷണം കഴിപ്പൊക്കെ കണക്കാണ്. അത് ഇതിനോടകം താൻ മനസ്സിലാക്കിയ കാര്യമാണ്..
ഏറ്റെടുത്ത എന്ത് കാര്യവും ചെയ്തു തീർക്കുന്നതിലാണ് ആൾക്ക് താൽപര്യം. ഏറ്റെടുത്ത കാര്യങ്ങളോട് വല്ലാത്ത ആത്മാർത്ഥതയാണ്! അതിപ്പോൾ തന്റെ കാര്യത്തിലും അങ്ങനെ തന്നെയാണല്ലോ എന്ന് അവൾ ചിന്തിക്കുകയായിരുന്നു.
നീ എന്താടി പെണ്ണേ ദിവാസ്വപ്നം കാണുന്നത്.,?
അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് സന്ധ്യ ചോദിച്ചപ്പോൾ അവൾ ഒന്ന് ചിരിച്ചു കാണിച്ചു.
ഹേയ് ഞാന് വേറെന്താ ആലോചിച്ചത് ആണ്
അവൾ മറുപടി പറഞ്ഞു
അവിടെ നല്ല സൂപ്പർ ബീഫും കപ്പയുമോക്കെ കാണും.. അവൻ അതൊക്കെ കഴിച്ചു കാണും.
തന്റെ മനസ്സറിഞ്ഞിട്ട് എന്നതുപോലെ സന്ധ്യ അങ്ങനെ പറഞ്ഞപ്പോൾ അവൾക്ക് അത്ഭുതം തോന്നിയിരുന്നു.
അത്ഭുതത്തോടെ അവളുടെ മുഖത്തേക്ക് ലക്ഷ്മി നോക്കി..
ഞാനും ഈ പ്രായമൊക്കെ കഴിഞ്ഞിട്ട് വന്നതല്ലേ? നിന്റെ ചിന്തയുടെ അർത്ഥമൊക്കെ എനിക്ക് മനസ്സിലാകും..
അവൾക്കുള്ള മറുപടി എന്നതുപോലെ സന്ധ്യ പറഞ്ഞപ്പോൾ അറിയാതെ അവളും ഒന്ന് ചിരിച്ചു പോയിരുന്നു.
സന്ധ്യയിൽ നിന്ന് സെബാസ്റ്റ്യനെക്കുറിച്ച് അവൾക്ക് അറിയാൻ പറ്റി. ശിവന്റെയും സന്ധ്യയുടെയും പ്രണയത്തിന് ചുക്കാൻ പിടിച്ചതൊക്കെ സെബാസ്റ്റ്യൻ ആയിരുന്നു എന്ന് അവൾ പറഞ്ഞ കഥകളിൽ നിന്നും മനസ്സിലായി.
കുറച്ചു സമയം കഴിഞ്ഞപ്പോൾ ശിവന്റെ ചെറിയച്ഛൻ കുട്ടികളെയും വിളിച്ചുകൊണ്ട് വന്നിരുന്നു. കുട്ടികൾ കൂടി വന്നതോടെ കുറച്ചു കൂടി സന്തോഷം തോന്നിയിരുന്നു ലക്ഷ്മിക്ക്.
പെട്ടെന്ന് തന്നെ അവരോട് ഒരാളായി മാറാനും ലക്ഷ്മിക്ക് സാധിച്ചു.
അവർക്ക് ചിത്രങ്ങൾ വരച്ചു കൊടുത്തു അവരുടെ കൂടെ കളിച്ചും ഒക്കെ കുറെ സമയം അവൾ ഇരുന്നു. ഒരു രണ്ടുമണിയോടെ അടുത്തപ്പോഴാണ് സെബാസ്റ്റ്യൻ സന്ധ്യയുടെ ഫോണിലേക്ക് വിളിച്ചത്.
ചേച്ചി പിള്ളേരെ വിളിച്ചായിരുന്നോ..?
ആ എടാ അവരിങ്ങ് വന്നു. ചെറിയച്ഛൻ കൊണ്ടുവന്നു.
ആണോ, ഞാനിവിടെ കവലില് എത്തിയിട്ടുണ്ട്. ഇപ്പൊ അങ്ങോട്ട് വരും. ലക്ഷ്മിയോട് റെഡിയായി ഇരിക്കാൻ പറ..
ശരി.. ശരി
അതും പറഞ്ഞ് സന്ധ്യ അകത്തേക്ക് ചെന്ന് സെബാസ്റ്റ്യൻ വരുന്നുണ്ടെന്ന് ലക്ഷ്മിയോട് പറഞ്ഞു..
വളരെ പ്രിയപ്പെട്ട എന്തോ ലഭിച്ചത് പോലെയുള്ള ഒരു അനുഭവമായിരുന്നു അവൾക്ക്. അവളുടെ മുഖത്ത് ആ സന്തോഷം അറിയാൻ ഉണ്ടായിരുന്നു. കുട്ടികളോട് ഒക്കെ യാത്ര പറഞ്ഞു പോകാൻ തയ്യാറെടുത്തവൾ.
കുറച്ചു സമയങ്ങൾക്ക് ശേഷം വിയർത്തു അലഞ്ഞു ക്ഷീണം നിറഞ്ഞ ഒരു രൂപം കയറി വരുന്നത് കണ്ടപ്പോൾ തന്നെ അത് സെബാസ്റ്റ്യൻ ആണെന്ന് അവൾക്ക് മനസ്സിലായിരുന്നു..
ശിവേട്ടൻ എപ്പോൾ വരുമെടാ.?
സന്ധ്യ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.
അവരെല്ലാവരും വീട്ടിലോട്ട് പോയിട്ടുണ്ട്, ഒരു മുക്കാൽ മണിക്കൂറിനുള്ളിൽ വരും,
നീ കേറുന്നില്ലേ.?
ഇല്ല ചേച്ചി ചെന്നിട്ട് വേണം ഒന്ന് കിടക്കാൻ. ഭയങ്കര ക്ഷീണം.! നാളെ ബസിൽ പോകണ്ടതാ.. കുട്ടികളെ വിളിച്ച് അവരുടെ കയ്യിൽ ഓരോ കവറും കൂടി കൊടുത്താണ് സെബാസ്റ്റ്യൻ സന്ധ്യയോട് യാത്രയും പറഞ്ഞു ഇറങ്ങിയത്.
ലക്ഷ്മിയെ കണ്ട മാത്രയിൽ തന്നെ അവന്റെ കണ്ണുകളും ഒന്ന് തിളങ്ങിയിരുന്നു.
കുറച്ച് അധികം സമയം കാണാതിരുന്നതിന്റെ ബുദ്ധിമുട്ട് ഇരുമിഴികളിലും കാണാൻ ഉണ്ടായിരുന്നു.
നന്നായി ക്ഷീണിച്ചല്ലോ..!
പാലം കയറുമ്പോൾ ലക്ഷ്മി പറയുന്നുണ്ടായിരുന്നു.
എന്തെങ്കിലും ഒരു ഫങ്ക്ഷൻ വീട്ടിൽ ഉണ്ടെങ്കിൽ ഇത് പതിവാ, ഈ ബുദ്ധിമുട്ടും ക്ഷീണവും ഒക്കെ. അത് ഒന്ന് കിടന്നു കഴിയുമ്പോൾ അങ്ങ് മാറിക്കോളും..
ചിരിയോടെ മുണ്ടോന്നു മടക്കി കുത്തി അവൻ പറഞ്ഞു
ചേച്ചി എന്ത് പറഞ്ഞു.?
അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു
ചേച്ചി നന്നായി സംസാരിക്കും, ഒരുപാട് കാര്യങ്ങൾ പറഞ്ഞു. അവരുടെ ഇഷ്ടത്തെക്കുറിച്ച് ഒക്കെ,
അവൻ മൂളി കേൾക്കുന്നുണ്ടായിരുന്നു.
അപ്പോഴും മിഴികൾ ഇടയ്ക്കിടെ ചെല്ലുന്നത് അവളിലേക്ക് തന്നെയാണ്. അവൾ കാണാതെ ഇടയ്ക്ക് അവളെ നോക്കും. അവളും അതേപോലെതന്നെ.
രണ്ടുപേരും പരസ്പരം ഇരുവരും അറിയാതെ ഒരു ഒളിച്ചുകളി നടത്തുന്നുണ്ടായിരുന്നു.
മാനം ഇരുണ്ടു മുടി ഒന്ന് രണ്ട് തുള്ളികൾ താഴേക്ക് പെയ്തു തുടങ്ങി.
അയ്യോ മഴ പെയ്യുന്നു
അവൾ പറഞ്ഞു
കുറെ നേരമായിട്ട് മഴകോള് ഉണ്ടായിരുന്നു
അവൻ അതും പറഞ്ഞ് ആകാശത്തേക്ക് നോക്കി..
ചാറ്റൽ മഴ പെയ്യുന്നുണ്ട്..
നമുക്ക് പെട്ടെന്ന് പാലം കടന്ന് താഴേക്ക് എത്താം. അവിടെ ഒരു ബസ് സ്റ്റോപ്പ് ഉണ്ട്. അവിടെ കേറിയിരിക്കാം..
അതും പറഞ്ഞ് രണ്ടുപേരും വേഗത്തിൽ നടക്കാൻ തുടങ്ങിയെങ്കിലും മഴ ശക്തമാകുന്നുണ്ടായിരുന്നു.
വിയർത്തി ഇരിക്കുവല്ലേ മഴ നനയേണ്ട.
തന്റെ തോളിൽ കിടന്ന ഷോള് എടുത്ത് അവന്റെ തലയിലൂടെ ഇട്ടിരുന്നു അവൾ..
പെട്ടെന്ന് അവൻ അവളുടെ മുഖത്തേക്കൊന്നു നോക്കി..
പനി വരും അതാ…
അവന്റെ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞപ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു. മേൽ മീശ ഒന്ന് കടിച്ച് അവളെ നോക്കി ചിരിച്ചു കാണിച്ചവൻ.. ശേഷം ആ ഷോളിന്റെ തുമ്പ് അല്പം എടുത്ത് അവളുടെ തലയിൽ കൂടിയിട്ടു..
അമ്പരപ്പോടെ അവന്റെ മുഖത്തേക്ക് അവൾ ഒന്നു നോക്കിയപ്പോൾ ഇരു കണ്ണുകളും ചിമ്മി കാണിച്ച് അവൻ പറഞ്ഞു.
പനി വരും… പുതുമഴയാ…
അവളുടെ ചൊടിയിലും ഒരു പുഞ്ചിരി നിറഞ്ഞിരുന്നു.
ഒരു ഷോളിന്റെ മറവിൽ രണ്ടുപേരും തോളുരുമ്മി നടന്നു. ആ പാലം കടക്കുവോളം രണ്ടുപേരുടെയും ചുണ്ടിൽ ആ പുഞ്ചിരി മായാതെ ഉണ്ടായിരുന്നു..
താഴേക്കുള്ള പടിക്കെട്ടുകൾ ഇറങ്ങുമ്പോൾ അറിയാതെ രണ്ടുപേരുടെയും കൈകൾ പരസ്പരം ഉരസി. വീഴാൻ പോയവളുടെ കയ്യിൽ മുറുക്കി പിടിച്ചവൻ..
അവന്റെ മുഖത്തേക്ക് അവൾ നോക്കിയപ്പോൾ അവളുടെ മുഖത്തേക്ക് നോക്കാതെ തന്നെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി അവൾ കണ്ടിരുന്നു.
പാലമിറങ്ങി നേരെ താഴെ ബസ്റ്റോപ്പിലേക്ക് കയറിയതും കാത്തിരുന്നത് പോലെ മഴ സംഹാരതാണ്ഡവമാടാൻ തുടങ്ങി.
രണ്ടുപേരും ആ വെയിറ്റിംഗ് ഷെഡിൽ കയറിയിരുന്നു. ചാറ്റൽ മഴ നനഞ്ഞതിന്റെ പ്രതീകം എന്നതുപോലെ രണ്ടുപേരുടെയും മുഖത്ത് ചെറിയ വെള്ളത്തുള്ളികൾ ഒക്കെ സ്ഥാനം പിടിച്ചിട്ടുണ്ട്.
വെയിറ്റിംഗ് ഷെഡ്ഡിൽ പരസ്പരം ഒരു അകലം സൂക്ഷിച്ചു ഇരിക്കുമ്പോൾ രണ്ടുപേരുടെയും മനസ്സിൽ എന്തൊക്കെയോ ചിന്തകൾ ആയിരുന്നു.
അവളെ നോക്കാതെ മറ്റെങ്ങോ കാഴ്ചകളിൽ അവൻ നോക്കിയിരുന്നുവെങ്കിലും മനസ്സിൽ മുഴുവൻ അവൾ ആയിരുന്നു. അവളുടെ അവസ്ഥയും അതുതന്നെയായിരുന്നു.
പരസ്പരം മുഖത്തോട് മുഖം നോക്കാൻ രണ്ടുപേർക്കും എന്തൊക്കെയോ ബുദ്ധിമുട്ട് തോന്നി.
താൻ വല്ലതും കഴിച്ചായിരുന്നോ.?
മൗനത്തിന് വിരാമം ഇട്ടുകൊണ്ട് അവൻ തന്നെയാണ് ചോദിച്ചത്..
മ്മ് കഴിച്ചു…കഴിച്ചോ.?
മറുചോദ്യം ചോദിച്ചവൾ
അവൻ ചിരിച്ചുകൊണ്ട് തലയാട്ടി.
നാളെ എപ്പോഴാ ബസ്സിൽ പോകുന്ന..?
വെളുപ്പിന് ഒരു ആറുമണി ആവുമ്പോ വീട്ടിൽ നിന്ന് ഇറങ്ങും..
ഉച്ചയ്ക്ക് വരോ..?
അവൾ ചോദിച്ചു
എന്തിന്..?
കുസൃതിയോടെ അവൻ ചോദിച്ചു
അല്ല കഴിക്കാൻ വരാറുണ്ടോ എന്ന്..
അബദ്ധം പിണഞ്ഞത് പോലെ അവൾ മറ്റെവിടെയോ നോക്കി മറുപടി പറഞ്ഞപ്പോൾ, വീണ്ടും അവന്റെ ചൊടിയിൽ ഒരു പുഞ്ചിരി ബാക്കിയായി…
വരണോ.?
ഒരു കുസൃതിയോടെ അവളുടെ മുഖത്തേക്ക് നോക്കി മേൽമീശ കടിച്ചു ചിരിച്ചു അവൻ ചോദിച്ചു….തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…