Kerala

തനിക്ക് മറ്റ് ഓപ്ഷനുകള്‍ ഉണ്ട്; നന്നായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് മൂന്നാമതും പ്രതിപക്ഷത്താകും: ശശി തരൂർ

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിനെയും മോദിയെയും പുകഴ്‌ത്തിയത് വിവാദമായതിന് പിന്നാലെ ദേശീയ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നിലപാട് കടുപ്പിച്ച് ശശി തരൂര്‍. പാര്‍ട്ടിയുടെ ശൈലിക്കെതിരെയാണ് രൂക്ഷ വിമര്‍ശനവുമായി തരൂർ രംഗത്തെത്തിയത്. കോണ്‍ഗ്രസിന് തൻ്റെ സേവനം ആവശ്യമില്ലെങ്കില്‍ മറ്റ് ഓപ്ഷനുകള്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വതന്ത്രമായി അഭിപ്രായം പറയുക എന്നത് അവകാശമാണ്. അത് ജനങ്ങള്‍ അംഗീകരിച്ചിട്ടുള്ളതുമാണ്. അതുകൊണ്ടാണ് നാല് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ടതെന്നും ശശി തരൂര്‍ പറഞ്ഞു. ഇംഗ്ലീഷ്‌ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് തരൂരിന്‍റെ പ്രതികരണം.

നന്നായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് മൂന്നാം തവണയും കേരളത്തില്‍ പ്രതിപക്ഷം ആകേണ്ടി വരുമെന്നും തരൂർ മുന്നറിയിപ്പ് നൽകി. പാര്‍ട്ടി അടിത്തട്ടില്‍ നിന്ന് തന്നെ വോട്ടര്‍മാരെ ആകര്‍ഷിക്കേണ്ടതുണ്ട്. കേരളത്തിലെ നേതൃത്വം പരാജയമാണെന്നും തരൂര്‍ തുറന്നടിച്ചു.

കേരള എൽഡിഎഫ് സർക്കാർ സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്യുന്ന രീതിയെ പ്രശംസിച്ചതാണ് കോണ്‍ഗ്രസിനുള്ളിൽ അമർഷം ഉണ്ടാകാൻ കാരണമായത്. സംസ്ഥാനത്തിൻ്റെയും രാജ്യത്തിൻ്റെയും വികസനത്തെക്കുറിച്ച് അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്യം ഉണ്ട്. കോൺഗ്രസിന് തൻ്റെ സേവനം ആവശ്യമില്ലെങ്കിൽ മറ്റ് ഓപ്ഷനുകൾ ഉണ്ടെന്നും കോണ്‍ഗ്രസ് എംപി വ്യക്തമാക്കി.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ നേട്ടങ്ങളും തുടർച്ചയായ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയവും നേതൃത്വം ചർച്ച ചെയ്യേണ്ടതുണ്ട്. അടിത്തട്ടിൽ പ്രവർത്തിച്ചില്ലെങ്കിൽ അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പ്രതിപക്ഷത്തിരിക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിൻ്റെ വോട്ട് ശതമാനം വലിയ രീതിയിൽ കുറഞ്ഞിട്ടുണ്ട്. 26-27% വരെ അധികമായി വോട്ട് ലഭിച്ചാൽ മാത്രമേ നമുക്ക് അധികാരത്തിലെത്താൻ കഴിയൂ.

താൻ സംസാരിക്കുന്നതും പെരുമാറുന്നതും ആളുകൾക്ക് ഇഷ്‌ടമാണ്. കോൺഗ്രസിനെതിരെ സംസാരിക്കുന്നവർ പോലും തനിക്ക് വോട്ട് ചെയ്‌തു. 2026ലും ഇതാണ് ആഗ്രഹിക്കുന്നത്. കോൺഗ്രസിലെ പലരും സമാന അഭിപ്രായങ്ങൾ പങ്കുവയ്ക്കു‌ന്നുണ്ടെന്നും അത് തന്നോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത് തൻ്റെ ഉത്തരവാദിത്തമല്ല, പക്ഷേ ഞാൻ ഇത് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കേരളത്തിലെ കോൺഗ്രസിൽ ഒരു നേതാവിൻ്റെ അഭാവമുണ്ടെന്ന അഭിപ്രായക്കാരാണ് പലരും

നേതൃസ്ഥാനങ്ങളിൽ താൻ മറ്റുള്ളവരേക്കാൾ മുന്നിലാണെന്ന് തെളിഞ്ഞതാണ്. പാർട്ടി അത് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, പാർട്ടിക്കുവേണ്ടി ഉണ്ടാകും. ഇല്ലെങ്കിൽ തൻ്റേതായ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും തരൂർ പറയുന്നു. സോണിയ ഗാന്ധി, മൻമോഹൻ സിങ്, രമേശ് ചെന്നിത്തല എന്നിവരുൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളുടെ പ്രേരണ പ്രകാരമാണ് ഐക്യരാഷ്‌ട്ര സഭയിൽ സേവനമനുഷ്‌ഠിച്ചതിന് ശേഷം യുഎസിലെ സുഖകരമായ ജീവിതം ഉപേക്ഷിച്ച് രാഷ്‌ട്രീയത്തിൽ ചേരാൻ തീരുമാനിച്ചതെന്നും തരൂർ ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചാലും ഇപ്പോൾ പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് സർക്കാരിനെ പ്രശംസിച്ചാലും രാജ്യത്തിൻ്റെയും കേരളത്തിൻ്റെയും പുരോഗതിയെക്കുറിച്ച് അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിട്ടുള്ളതാണ്. രാഷ്‌ട്രീയക്കാരനെപ്പോലെ ചിന്തിക്കുന്നില്ല. ഒരിക്കലും ഇടുങ്ങിയ രാഷ്‌ട്രീയ ചിന്തകൾ ഉണ്ടായിട്ടില്ല. തനിക്ക് ബോധ്യമുള്ള കാര്യത്തെക്കുറിച്ച് അഭിപ്രായം പറയുന്നതിനുമുമ്പ് രാഷ്‌ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ല. അതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും തരൂർ പറഞ്ഞു.

ഒരു സർക്കാർ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അഭിനന്ദിക്കുകയും തെറ്റായ നടപടികളെ വിമർശിക്കുകയും ചെയ്യുന്നു. പാർട്ടിയിൽ നിന്ന് മാത്രമാണ് എതിർപ്പ് ഉണ്ടാകുന്നത് എന്നും പാർട്ടി മാറുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങൾ തെറ്റാണെന്നും അദ്ദേഹം പ്രതികരിച്ചു. പാർട്ടിക്ക് പുറത്ത് സ്വതന്ത്രനായി തുടരാൻ സ്വാതന്ത്ര്യമുണ്ട് എന്നും തരൂർ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!