Kerala

പ്രശ്‌നം പാര്‍ട്ടി പരിഹരിക്കണം; തരൂരിനെ വേണ്ടത് ദേശീയ രാഷ്ട്രീയത്തിൽ: ഇവിടെ ഞങ്ങളെ പോലുള്ളവര്‍ പോരെയെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിന് തന്റെ സേവനം ആവശ്യമില്ലെങ്കില്‍ മറ്റ് വഴികളുണ്ടെന്ന ശശി തരൂര്‍ എംപിയുടെ പ്രസ്താവനയ്‌ക്കെതിരെ നേതാക്കള്‍ രംഗത്ത്. പാര്‍ട്ടിയാണ് സ്ഥാനാര്‍ഥിയാക്കിയതെന്നും പ്രവര്‍ത്തകരാണ് തെരഞ്ഞെടുപ്പില്‍ പണിയെടുത്തതെന്നും ശശി തരൂര്‍ മറക്കരുതെന്ന് കെ മുരളീധരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ എല്ലാവരും ജയിക്കുന്നത് പാര്‍ട്ടി വോട്ടുകള്‍ക്ക് അതീതമായ വോട്ടുകള്‍ നേടിയാണ്. ആ വോട്ടുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തകരാണ്. പ്രവര്‍ത്തകര്‍ പണിയെടുക്കുമ്പോഴാണ് സ്ഥാനാര്‍ഥികള്‍ വിജയിക്കുന്നതെന്ന് മുരളീധരന്‍ പറഞ്ഞു.

കേരളത്തില്‍ നേതാക്കളുടെ ക്ഷാമമുണ്ടാകില്ല. കേരളത്തില്‍ ഒരു കാലത്തും നേതൃക്ഷാമമുണ്ടാകില്ല. എല്ലാവരും നേതൃസ്ഥാനത്തേക്ക് എത്താന്‍ യോഗ്യരാണെന്ന് പറഞ്ഞ മുരളീധരന്‍ തരൂരിന്റെ പാര്‍ട്ടിക്കതീതമായ സ്വാധീനമാണ് തിരുവനന്തപുരം നഷ്ടപ്പെടാതിരിക്കാന്‍ കാരണമായതെന്ന വാദവും തള്ളി.

കോണ്‍ഗ്രസ് ആയതുകൊണ്ടാണ് തരൂര്‍ വിജയിച്ചത്. 84ലും 89ലും 91ലും തിരുവനന്തപുരത്ത് നിന്ന് തുടര്‍ച്ചയായി ജയിച്ചത് എ ചാള്‍സ് ആണ്. കോണ്‍ഗ്രസ് ആയതുകൊണ്ട് മാത്രമാണ് അദ്ദേഹം വിജയിച്ചതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ആരും പാര്‍ട്ടിയില്‍ നിന്ന് പോകരുതെന്നാണ് തനിക്ക് പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശശി തരൂരിന്റെ മനസില്‍ എന്താണെന്ന് അറിയില്ല. അത് എന്താണെന്ന് തിരിച്ചറിഞ്ഞ് പരിഹരിക്കാന്‍ പാര്‍ട്ടി നേതൃത്വം തയാറാകണം. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ശശി തരൂരിന്റെ സേവനം പാര്‍ട്ടിക്ക് ആവശ്യമാണ്.

അന്താരാഷ്ട്ര വിഷയങ്ങളില്‍ ഒരുപാട് അറിവുള്ളയാളാണ് തരൂര്‍. അത്തരം മേഖലയിലുള്ള ചര്‍ച്ചകളില്‍ പങ്കെടുത്ത് പാര്‍ലമെന്റില്‍ മറ്റുള്ളവരേക്കാള്‍ നന്നായി സംസാരിക്കാന്‍ അദ്ദേഹത്തിന് അറിയാം. തരൂരിന് മികവ് പുലര്‍ത്താന്‍ സാധിക്കുന്നത് ദേശീയ രാഷ്ട്രീയത്തിലാണ്. ഇവിടെ കേരളത്തില്‍ ഞങ്ങളെ പോലുള്ള സാധാരണക്കാര്‍ പോരെയെന്നും മുരളീധരന്‍ ചോദിച്ചു.

Related Articles

Back to top button
error: Content is protected !!