DubaiGulf

നിയമവിരുദ്ധ മസാജ് സെൻ്ററുകൾക്ക് വിസിറ്റിങ് കാർഡുകൾ അച്ചടിച്ചു; പ്രിൻ്റിങ് പ്രസുകൾ അടച്ചുപൂട്ടി ദുബായ്

ദുബായ്: നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന മസാജ് സെന്ററുകൾക്ക് പരസ്യവുമായി ബന്ധപ്പെട്ട് വിസിറ്റിങ് കാർഡുകൾ അച്ചടിച്ച പ്രിന്റിങ് പ്രസുകൾക്കെതിരെ നടപടി. ഇത്തരത്തിൽ നാല് പ്രിന്റിങ് പ്രസുകളാണ് ദുബായ് പോലീസ് അടച്ചുപൂട്ടിയത്. പൊതുജന സുരക്ഷയെ അപകടപ്പെടുത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് പോലീസിൻ്റെ നടപടി.

ഈ പ്രസ്സുകളുമായി ബന്ധമുള്ള വ്യക്തികൾ നിയമപരമായ നടപടികൾ വരും ദിവസങ്ങളിൽ നേരിടേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദുബായിൽ പ്രവർത്തിക്കുന്ന അനധികൃത മസാജ് സെന്ററുകളിലെ സേവനങ്ങൾക്ക് പരസ്യകാർഡുകൾ വിതരണം ചെയ്തെന്നാണ് ഇവർക്കെതിരായ കേസ്. സ്ഥാപനങ്ങൾക്കെതിരേ കർശനമായ നടപടി സ്വീകരിച്ചതെന്നും അധികൃതർ വ്യക്തമാക്കി.

മസാജ് സെന്ററുകളുടെ മറവിൽ മോഷണവും പിടിച്ചുപറിയും ബ്ലാക്ക് മെയിലിങ്ങും ഉൾപ്പെടെയുള്ള വമ്പൻ തട്ടിപ്പുകളാണ് നടക്കുന്നത്. അതിനാൽ ഇത്തരം കാർഡുകളിൽ കാണുന്ന നമ്പരുകളിൽ വിളിക്കരുതെന്നും അധികൃതർ നിർദ്ദേശം നൽകി. ഉഴിച്ചിലിനായി മസാജ് സെൻ്ററുകളിൽ എത്തുന്ന പലരും തട്ടിപ്പ് സംഘങ്ങളുടെ അക്രമണങ്ങൾക്ക് ഇരയാവുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട പല സംഭവങ്ങളും അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരം കേന്ദ്രങ്ങൾക്കെതിരെ ശക്തമായ നിയമ നടപടികളുമായി ദുബായ് പോലീസ് മുന്നോട്ട് പോകുന്നത്.

ദുബായി നിവാസികൾ ഇത്തരം തട്ടിപ്പുകൾക്കെതിരേ ജാഗ്രത പാലിക്കണമെന്നും ദുബായ് പോലീസ് അഭ്യർഥിച്ചു. അനധികൃത മസാജ് സെന്റുകൾക്കെതിരായ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇതേക്കുറിച്ച് അന്വേഷണം വിപുലമാക്കുന്നതിനും വേണ്ട നടപടി സ്വീകരിക്കുന്നതിന് മാത്രമായി ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

മസാജ് സർവീസ് കാർഡുകളുടെ വിതരണമോ പോസ്റ്റോ ഉൾപ്പെടെയുള്ള സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും ദുബായ് പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. 901 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചോ ദുബായ് പോലീസ് ആപ്പിലെ ‘പോലീസ് ഐ’ ഫീച്ചർ ഉപയോഗിച്ചോ ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യാവുന്നതാണ്.

Related Articles

Back to top button
error: Content is protected !!