Kerala
ആറളത്ത് കാട്ടാന ആക്രമണത്തിൽ മരിച്ച ആദിവാസി ദമ്പതികളുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും

കണ്ണൂർ ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി ദമ്പതികളുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. പതിമൂന്നാം ബ്ലോക്കിലെ വെള്ളി, ലീല എന്നിവരാണ് മരിച്ചത്. ഇന്നലെ അർധരാത്രിയോടെയാണ് ഇരുവരുടേയും മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് മൃതദേഹങ്ങൾ മാറ്റാൻ വൈകിയത്. സബ് കലക്ടർ സ്ഥലത്തെത്തിയിട്ടും ആംബുലൻസ് കൊണ്ടുപോകാൻ നാട്ടുകാർ അനുവദിച്ചിരുന്നില്ല. ഒടുവിൽ പോലീസ് നടത്തിയ ചർച്ചക്ക് ഒടുവിലാണ് നാട്ടുകാർ വഴങ്ങിയത്
മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ വീതം ആദ്യ ഗഡു ഇന്ന് നൽകും. വനംമന്ത്രി എ കെ ശശീന്ദ്രൻ ഇന്ന് കണ്ണൂരിലെത്തും. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് ആറളം പഞ്ചായത്തിൽ യുഡിഎഫും ബിജെപിയും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.