ടണൽ ദുരന്തം: രക്ഷാപ്രവർത്തനത്തിന് നാവികസേനയും, അകത്ത് കുടുങ്ങിയവരുടെ 150 മീറ്റർ അകലെ രക്ഷാപ്രവർത്തകരെത്തി

തെലങ്കാനയിലെ നാഗർകുർണൂലിൽ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ദൗത്യത്തിൽ നാവികസേനയും പങ്കുചേർന്നു. നാവികസേന മറൈൻ കമാൻഡോ ആയ മാർക്കോസ് കൂടി രക്ഷാദൗത്യത്തിൽ പങ്കെടുക്കും. മണ്ണിടിഞ്ഞ് എട്ട് പേർ കുടുങ്ങിയതിന് 150 മീറ്റർ അകലെ രക്ഷാപ്രവർത്തകരെത്തി
പതിനൊന്നര കിലോമീറ്റർ അകത്ത് വരെ ഒരു ജനറേറ്റർ അടക്കമുള്ള യന്ത്രങ്ങൾ എത്തിച്ചിട്ടുണ്ട്. പിന്നീടുള്ള രണ്ട് കിലോമീറ്റർ താത്കാലിക കൺവെയർ ബെൽറ്റ് സജ്ജീകരിച്ചു. അവശിഷ്ടങ്ങൾ ഈ കൺവെയർ ബെൽറ്റ് വഴിയാണ് പുറത്തേക്ക് കൊണ്ടുവരുന്നത്
തകർന്ന മെഷീൻ ഭാഗങ്ങളും ചെളിയും വെള്ളക്കെട്ടും സിമന്റ് പാളികളും പാറക്കെട്ടുകളും കാരണം രക്ഷാപ്രവർത്തകർക്ക് മുന്നോട്ടു പോകാൻ സാധിക്കുന്നില്ല. രക്ഷാപ്രവർത്തകർ ലൗഡ് സ്പീക്കറിലൂടെ വിളിച്ചിട്ടും അകത്ത് കുടുങ്ങിയവരിൽ നിന്ന് മറുപടിയൊന്നും ലഭിച്ചിട്ടില്ല
ചൂടും നിർജലീകരണവും കാരണം ഇവർ ബോധരഹിതരായിട്ടുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഓക്സിജൻ പരമാവധി പമ്പ് ചെയ്ത് നൽകാനും ശ്രമം നടക്കുന്നുണ്ട്. ടണലിന്റെ പ്രവേശന കവാടത്തിൽ നിന്ന് ഏകദേശം 13.5 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്.