Kerala
ആറളം ഫാമിൽ ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം; 20 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകും

കണ്ണൂർ ആറളം ഫാമിൽ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തീരുമാനം. ആദ്യ ഗഡുവായ 10 ലക്ഷം ഇന്ന് തന്നെ നൽകും. ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന ദുരന്തനിവാരണ സമിതി യോഗത്തിന്റേതാണ് തീരുമാനം
ഒരാൾക്ക് 10 ലക്ഷം രൂപ വീതമാണ് വനംവകുപ്പിന്റെ നഷ്ടപരിഹാരം. ഇതിൽ അഞ്ച് ലക്ഷം രൂപ വീതം രണ്ട് പേരുടെ ഗഡുവായ പത്ത് ലക്ഷം ഇന്ന് നൽകും. അവസാന ഗഡുവും വൈകാതെ നൽകും. വനംമന്ത്രി എകെ ശശീന്ദ്രൻ ഇന്ന് ആറളത്ത് എത്തുന്നുണ്ട്
മന്ത്രിയുടെ അധ്യക്ഷതയിൽ ആറളം പഞ്ചായത്തിൽ സർവകക്ഷി യോഗം ചേരും. ആറളം ഫാമിലെ പുനരധിവാസ മേഖലയിലെ 13ാം ബ്ലോക്കിലും ഫാമിലും നിലയുറപ്പിച്ചിരിക്കുന്ന കാട്ടാനകളെ വന്യജീവി സങ്കേതത്തിലേക്ക് തുരത്താനുള്ള നടപടി വനംവകുപ്പ് ശക്തമാക്കും.