തിരുവനന്തപുരത്ത് കൂട്ടക്കൊലപാതകം; പെണ്‍സുഹൃത്തിനെയും സഹോദരനെയും വെട്ടി കൊലപ്പെടുത്തി; ആറ് പേരെ കൊലപ്പെടുത്തിയെന്ന് പ്രതിയുടെ മൊഴി

തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ കൂട്ടക്കൊലപാതകം. വെഞ്ഞാറമൂട് സ്വദേശി അഫ്‌നാന്‍ ആണ് പെണ്‍സുഹൃത്തിനെയും സ്വന്തം സഹോദരനെയും വെട്ടി കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ അഫ്‌നാന്‍ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. വെട്ടേറ്റ മാതാവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെഞ്ഞാറമൂട് പേരുമല സ്വദേശിയായ 23കാരനാണ് പ്രതി അഫ്‌നാന്‍. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് അഫാന്‍ പെണ്‍സുഹൃത്തിനെ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നത്. ഇവരുടെ വീട്ടിലുണ്ടായിരുന്ന മറ്റൊരാള്‍ക്കും വെട്ടേറ്റിട്ടുണ്ട്. ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ പേരെ ആക്രമിച്ചിട്ടുണ്ടെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി.
നിലവില്‍ പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. മരിച്ചവരുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടെ ലഭ്യമായിട്ടില്ല. അതേസമയം, സ്റ്റേഷനിലെത്തിയ പ്രതി ആറുപേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് മൊഴി നല്‍കിയത്. പ്രതിയുടെ മൊഴി ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരുന്നു.
വെഞ്ഞാറമ്മൂട്ടില്‍ മൂന്ന് പേരെയും ചുക്ലാളത്ത് രണ്ട് പേരെയും പാങ്ങോട് ഒരാളേയും ആക്രമിച്ചുവെന്നാണ് പ്രതി പൊലീസിന് നല്‍കിയ വിവരം. പ്രതി പറഞ്ഞിരിക്കുന്ന മറ്റ് സ്ഥലങ്ങളിലേക്കും പൊലീസ് എത്തി പരിശോധന നടത്താനിരിക്കുകയാണ്.