വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയുടെ ഞെട്ടൽ മാറാതെ കേരളം; പോസ്റ്റ്‌മോർട്ടം ഇന്ന്

വെഞ്ഞാറമൂട്ടിലെ അരുംകൊലപാതകങ്ങളുടെ ഞെട്ടൽ മാറാതെ സംസ്ഥാനം. കൊല്ലപ്പെട്ട സൽമാ ബീവി, അഫ്‌സാൻ, ലത്തീഫ്, ഷാഹിദ, ഫർസാന എന്നിവരുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ചികിത്സയിലുള്ള ഷെമിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. പ്രതി അഫ്‌നാന്റെ മൊഴി ഇന്നലെ രാത്രി വൈകി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു
വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്രതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിൽ വെച്ചാണ് മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തിയത്. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് കൂട്ടക്കൊല നടത്തിയതെന്നാണ് അഫ്‌നാൻ നൽകിയ മൊഴി.
ഇന്നലെ രാവിലെ 10 മണിക്കും വൈകിട്ട് ആറ് മണിക്കും ഇടയിലാണ് അരും കൊലപാതകങ്ങൾ നടന്നത്. അഫ്‌നാന്റെ സഹോദരൻ അഫ്‌സാൻ, പിതൃ മാതാവ് സൽമാബീവി, പിതൃസഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ, അഫ്‌നാന്റെ കാമുകി ഫർസാന എന്നിവരാണ് കൊല്ലപ്പെട്ടത്. അഫ്‌നാന്റെ അമ്മയാണ് ചികിത്സയിൽ കഴിയുന്ന ഷെമി