10 മണിക്കും വൈകിട്ട് 6 മണിക്കും ഇടയിൽ നടന്ന കൂട്ടക്കൊല; മൂന്ന് വീടുകൾ അഞ്ച് കൊലപാതകങ്ങൾ

കേരളത്തെ നടുക്കിയ വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകങ്ങൾ നടന്നത് ഇന്നലെ രാവിലെ 10 മണിക്കും വൈകിട്ട് ആറ് മണിക്കും ഇടയിൽ. അഫ്നാന്റെ സഹോദരൻ അഫ്സാൻ, പിതൃ മാതാവ് സൽമാബീവി, പിതൃസഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ, അഫ്നാന്റെ കാമുകി ഫർസാന എന്നിവരാണ് കൊല്ലപ്പെട്ടത്. അഫ്നാന്റെ അമ്മ ഷെമി ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്
ബന്ധുക്കളായവരെ വെട്ടിയും ചുറ്റികയ്ക്ക് തലയ്ക്കടിച്ചുമാണ് 23കാരനായ അഫ്നാൻ കൊലപ്പെടുത്തിയത്. മൂന്ന് വീടുകളിലായി അഞ്ച് കൊലപാതകങ്ങൾ. പാങ്ങോടുള്ള പിതാവിന്റെ അമ്മ സൽമാ ബീവിയെയാണ് അഫ്നാൻ ആദ്യം കൊലപ്പെടുത്തിയത്. തല ഭിത്തിയിലിടിച്ച നിലയിലാണ് വയോധികയെ കണ്ടെത്തിയത്
ഇതിന് ശേഷം സൽമാ ബീവിയുടെ മാലയുമായി കടന്ന അഫ്നാൻ പുല്ലുമ്പാറ എസ് എൻ പുരത്തെ ബന്ധുവീട്ടിലെത്തി പിതാവിന്റെ സഹോദരൻ ലത്തീഫിനെയും ഭാര്യ ഷാഹിദയെയും തലയ്ക്കടിച്ചു കൊന്നു. ഇതിന് ശേഷം യാതൊരു കൂസലുമില്ലാതെ സ്വന്തം വീട്ടിലെത്തി
തന്നെക്കാൾ പത്ത് വയസിന് താഴെയുള്ള സഹോദരൻ അഫ്സാന് കുഴിമന്തി വാങ്ങി നൽകി. വൈകിട്ട് മൂന്നരയോടെ കാമുകിയായ ഫർസാനയെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുവന്നു. വൈകുന്നേരം അഞ്ചരയോടെ ഫർസാനയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു. തുടർന്ന് സഹോദരൻ അഫ്നാനെയും കൊലപ്പെടുത്തി. ക്യാൻസർ രോഗിയായ ഷെമിയെയും മാരകമായി ആക്രമിച്ചു. ഷെമിയും മരിച്ചെന്ന് കരുതിയാണ് വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്ന് വിട്ട് പോലീസ് സ്റ്റേഷനിലെത്തി പ്രതി കാര്യം പറഞ്ഞത്.