അവിശ്വാസപ്രമേയ വോട്ടെടുപ്പ് നടക്കാനിരിക്കെ ചുങ്കത്തറ പഞ്ചായത്തിൽ സംഘർഷം

അവിശ്വാസപ്രമേയ വോട്ടെടുപ്പ് നടക്കാനിരിക്കെ മലപ്പുറം ചുങ്കത്തറയിൽ സംഘർഷം. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണ സമിതിക്കെതിരെ യുഡിഎഫാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ തമ്മിലാണ് കയ്യാങ്കളി നടന്നത്.
സംഘർഷത്തിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുമുണ്ടായിരുന്നു. ഇതിനിടെ പിവി അൻവർ എംഎൽഎയെ കടയിൽ പൂട്ടിയിട്ടു. പിന്നാലെ ആര്യാടൻ ഷൗക്കത്ത് അടക്കമുള്ളവർ എത്തിയാണ് ഷട്ടർ തുറന്നു കൊടുത്തത്.
ഇരുവിഭാഗവും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. പോലീസ് ലാത്തി വീശിയെങ്കിലും പ്രവർത്തകർ പിരിഞ്ഞു പോകാൻ തയ്യാറായില്ല. സംഘർഷത്തെ തുടർന്ന് റോഡ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.
ഇരുപത് അംഗ ഭരണസമിതിയിൽ പത്ത് അംഗങ്ങൾ വീതമാണ് എൽ ഡി എഫ് -യുഡിഎഫ് അംഗബലം. പിവി അൻവറിന്റെ പിന്തുണയോടെയാണ് യുഡിഎഫിന്റെ അവിശ്വാസ നീക്കം.
ഇടതുമുന്നണിയിലെ ഒരംഗം പിവി അൻവറിന്റെ ഇടപെടലിനെ തുടർന്ന് യുഡിഎഫിന് അനുകൂലമായി വോട്ടുചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ വന്നാൽ ഇടതുമുന്നണിക്ക് ചുങ്കത്തറ പഞ്ചായത്ത് ഭരണം നഷ്ടമാകും.