പിതാവിനെ തലയ്ക്കടിച്ചു കൊന്ന കേസിൽ മകനെ കോടതി വെറുതെവിട്ടു; അപ്പീൽ നൽകണമെന്ന് ചികിത്സിച്ച ഡോക്ടർ

പിതാവിനെ തലയ്ക്കടിച്ചു കൊന്ന കേസിൽ മകനെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീൽ നൽകണമെന്ന് ഡോക്ടർ. മരിച്ച കാരോട് സ്വദേശി തങ്കപ്പനെ ചികിത്സിച്ച വനിതാ ഡോക്ടറാണ് സർക്കാർ അപ്പീൽ പോകണമെന്ന് ആവശ്യപ്പെട്ടത്.
ഡോക്ടർ നൽകിയ കത്ത് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ജില്ലാ പോലീസ് മേധാവിക്ക് കൈമാറി. പാറശാല താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസറായിരുന്ന ഡോ. ലീന വിശ്വനാണ് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടിഎ ഷാജിക്ക് കത്ത് നൽകിയത്
2015 ഡിസംബർ 10നാണ് തങ്കപ്പനെ തലയ്ക്ക് ഗുരുതര പരുക്കേറ്റ് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സ നൽകുന്നതിനിടെ രോഗി ഛർദിക്കുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. ഇതോടെ ഡോ. ലീന രോഗിയെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. എന്നാൽ ബന്ധുക്കൾ തങ്കപ്പനെ വീട്ടിലേക്ക് തിരികെ കൊണ്ടുപോകുകയായിരുന്നു
പിറ്റേന്ന് ഉച്ചയോടെ തങ്കപ്പൻ വീട്ടിൽ വെച്ച് മരിച്ചു. മകൻ കമ്പിവടി വെച്ച് അടിച്ചെന്ന തങ്കപ്പന്റെ മൊഴി ഡോക്ടർ രേഖപ്പെടുത്തിയിരുന്നു. എന്നാൽ തങ്കപ്പന്റെ മകനെ കോടതി വെറുതെവിട്ടു. മതിയായ ചികിത്സ ലഭിക്കാത്താണ് മരണകാരണമെന്ന നിഗമനത്തോടെയാണ് കോടതി പ്രതിയെ വെറുതെവിട്ടത്.