Uncategorized

ഞൊടിയിടയില്‍ വിസ പുതുക്കാം; എഐ അധിഷ്ഠിത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം സലാമ തരംഗമാകുന്നു

ദുബായ്: ഞൊടിയിടയില്‍ വിസ പുതുക്കല്‍ സാക്ഷാത്കരിക്കാന്‍ കഴിയുന്ന ജിഡിആര്‍എഫ്എയുടെ എഐ അധിഷ്ഠിത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആയ സലാമ തരംഗമാകുന്നു. ഏതെങ്കിലും ഒരു ഉപയോക്താവ് സലാമയില്‍ ലോഗിന്‍ ചെയ്താല്‍ അവരുടെ വിശദാംശങ്ങളെല്ലാം സമയമേവ ഈ പ്ലാറ്റ്‌ഫോം തിരിച്ചറിയുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

ലോഗിന്‍ ചെയ്ത ആളുടെ ആശ്രിതവിസയുടെ അപ്പോഴത്തെ അവസ്ഥ പ്രദര്‍ശിപ്പിക്കുകയും കാലഹരണപ്പെടുന്നതിന് എത്ര ദിവസങ്ങള്‍ ബാക്കിയുണ്ട് എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്യും. ഇതെല്ലാം ഒരൊറ്റ പ്ലാറ്റ്‌ഫോമിലൂടെ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നതിനാല്‍ രേഖകള്‍ അപ്ലോഡ് ചെയ്യാനും ഡൗണ്‍ലോഡ് ചെയ്യാനും ഒപ്പം ഇതുമായി ബന്ധപ്പെട്ട കടലാസ് ജോലികള്‍ക്കും എല്ലാം നീണ്ട കാത്തിരിപ്പ് എന്നത് പഴങ്കഥയായും രൂപാന്തരപ്പെടും.

ഉപയോക്താവ് പുതുക്കല്‍ കാലയളവ് തെരഞ്ഞെടുക്കുമ്പോള്‍ സലാമ സംവിധാനം അഭ്യര്‍ത്ഥനയില്‍ ദ്രുതഗതിയില്‍ നടപടി സ്വീകരിക്കും. ഏതാനും ക്ലിക്കുകള്‍ മാത്രം നടത്തുമ്പോഴേക്കും കുടുംബാംഗങ്ങള്‍ക്കുള്ള താമസ വിസ പുതുക്കല്‍ പൂര്‍ത്തീകരിക്കാനാകുമെന്ന് ജിഡിആര്‍എഫ്എ അധികൃതര്‍ വിശദീകരിച്ചു. നേരത്തെ രേഖകളെല്ലാം ശരിയാണെങ്കിലും ഒന്നു മുതല്‍ മൂന്നു മണിക്കൂര്‍വരെ സമയം വേണ്ടുന്ന പ്രക്രിയയാണ് മിനിറ്റുകള്‍ക്കകം പൂര്‍ത്തീകരിക്കാനാവുക. വിസയുമായി ബന്ധപ്പെട്ട ഇത്തരം ജോലികള്‍ ഒന്നോ, രണ്ടോ മിനിറ്റിലേക്ക് ചുരുക്കാന്‍ സാധിച്ചതായി ജിഡിആര്‍എഫ്എ ഡാറ്റാ സയന്‍സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഭാഗം ഡയറക്ടര്‍ ഗലേബ് അബ്ദുള്ള മുഹമ്മദ് ഹസ്സന്‍ അല്‍ മജീദ് പറഞ്ഞു. ഭാവിയില്‍ ഈ സൗകര്യം സന്ദര്‍ശന വിസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കുമെല്ലാം ലഭ്യമാക്കാനായി വകുപ്പ് പദ്ധതി തയ്യാറാക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

Related Articles

Back to top button
error: Content is protected !!