ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടി സൗദിയുടെ അര്‍ദ നൃത്തം

റിയാദ്: സൗദി ദേശീയ ദിനത്തിന്റെ ഭാഗമായി സംഘടിക്കപ്പെട്ട സൗദി അറേബ്യയുടെ പരമ്പരാഗത നൃത്തമായ അര്‍ദക്ക് ഗിന്നസ് റെക്കോര്‍ഡ്. റിയാദിലെ അല്‍ അദല്‍ പ്ലാസയില്‍ ആയിരുന്നു ഫെബ്രുവരി 20 മുതല്‍ 23 വരെയുള്ള നാലു ദിവസങ്ങളിലായി 50,000 അധികം കാണികളെ ആകര്‍ഷിച്ച ലോകത്തിലെ ഏറ്റവും വലിയ അര്‍ദ നൃത്തപ്രകടനം അരങ്ങേറിയത്.
ഗിന്നസ് റെക്കോര്‍ഡിന് അര്‍ഹമായ പ്രകടനത്തില്‍ 633 കലാകാരന്മാരാണ് ഒരേസമയം പങ്കെടുത്തത്. ലോകത്തില്‍ ആദ്യമായാണ് ഇത്രയും പേര് ഒന്നിച്ച് പരമ്പരാഗത നാടോടി നൃത്തമായ അര്‍ദ അവതരിപ്പിക്കുന്നത്. ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചതോടെ രാജ്യത്തിന്റെ സാംസ്കാരിക ചിഹ്നവും ദേശീയതയുടെ അഭിമാന സ്തംഭവുമായി ഇത് മാറിയിരിക്കുകയാണ്. അംഗീകാരം ലഭിച്ചതിലൂടെ സൗദിയുടെ പാരമ്പര്യത്തെ ആദരിക്കുന്നതിനൊപ്പം സൗദിയുടെ സമ്പന്നമായ ചരിത്രത്തെയും ലോക ജനതക്ക് മുന്പില് അടയാളപ്പെടുത്തുകയാണ് സംഭവിച്ചിരിക്കുന്നത്. നൃത്ത പരിപാടിയുടെ ഭാഗമായി പരമ്പരാഗതമായ പ്രദര്‍ശനങ്ങളും സൗദിയുടെ ചരിത്രം വിവരിക്കുന്ന ചിത്രങ്ങളും ഡോക്യുമെന്ററികളും വിഷ്വല്‍ ഡിസ്പ്ലേകളുമെല്ലാം അവതരിപ്പിച്ചിരുന്നു.