ചരിത്ര നേട്ടത്തിനരികെ കേരളം; രഞ്ജി ട്രോഫി ഫൈനലിൽ ഇന്ന് വിദർഭയെ നേരിടും

ആദ്യ രഞ്ജി ട്രോഫി കിരീടം ലക്ഷ്യമിട്ട് കേരളം ഫൈനലിൽ ഇന്ന് വിദർഭയെ നേരിടും. നാഗ്പൂരിലെ സ്റ്റേഡിയത്തിൽ 9.30നാണ് മത്സരം ആരംഭിക്കുക. ടൂർണമെന്റിൽ തോൽവി അറിയാതെയാണ് ഇരു ടീമുകളും ഫൈനലിൽ പ്രവേശിച്ചത്. കഴിഞ്ഞ തവണ കലാശപ്പോരിൽ വിദർഭ മുംബൈയോട് പരാജയപ്പെട്ടിരുന്നു. അതേസമയം ചരിത്രത്തിൽ ആദ്യമായാണ് കേരളം രഞ്ജി ട്രോഫി ഫൈനലിൽ എത്തുന്നത്.
ടീമിൽ കാര്യമായ മാറ്റങ്ങളില്ലാതെയാകും കേരളം ഇന്നിറങ്ങുക. പിച്ചിലെ സാഹചര്യങ്ങൾ അനുസരിച്ച് ഏതാനും മാറ്റങ്ങൾക്ക് മാത്രമാണ് സാധ്യത. സൽമാൻ നിസാർ, മുഹമ്മദ് അസ്ഹറുദ്ദീൻ, സച്ചിൻ ബേബി എന്നിവരുടെ ഫോമിലാണ് കേരളത്തിന്റെ പ്രതീക്ഷ. മുൻനിര കൂടി ഫോമിലേക്ക് ഉയർന്നാൽ കേരളത്തിന്റെ ബാറ്റിംഗ് കരുത്ത് വർധിക്കും.
ബൗളിംഗിൽ എംഡി നിധീഷ്, ആദിത്യ സർവതെ, ജലജ് സക്‌സേന എന്നിവരാണ് കേരളത്തിന്റെ കരുത്ത്. സീസണിൽ ഇതുവരെ കാഴ്ചവെച്ച പോരാട്ടവീര്യം തുടർന്നാൽ ആദ്യ കിരീടമെന്ന സ്വപ്‌നനേട്ടം കേരളത്തിന് സ്വന്തമാക്കാം.