Novel

തണൽ തേടി: ഭാഗം 43

എഴുത്തുകാരി: റിൻസി പ്രിൻസ്‌

അവളുടെ കൈയിലിരുന്ന കട്ടൻചായ വാങ്ങിക്കൊണ്ട് വളരെ സ്വാഭാവികമായി അവൻ പറഞ്ഞു. കാര്യം അറിയാതെ അമ്പരക്കുകയാണ് അവൾ..

അപ്പോഴേക്കും സാലിയോട് എന്തോ സംസാരിച്ചുകൊണ്ട് അവൻ അതൊന്ന് സിപ്പ് ചെയ്തിരുന്നു. അവൾ അത്ഭുതത്തോടെ അവനെ നോക്കി ,വീണ്ടും അവൻ ആരും കാണാതെ കണ്ണ് ചിമ്മി കാണിച്ചു

നിങ്ങൾ വന്നിട്ട് ഒത്തിരിനേരം ആയോ.?

അവളുടെ മുഖത്തേക്ക് നോക്കിയാണ് സാലി ചോദിച്ചത്.

ഞങ്ങൾ ഇങ്ങോട്ട് വന്ന് കയറിയതേയുള്ളൂ, ഭയങ്കര മഴയായിരുന്നു..

ആ മഴയിവിടാണോ പെയ്തത്.?
അവിടെ നല്ല കോള് ഉണ്ടായിരുന്നു. അപ്പോഴേ ഞാൻ ഓർത്തു ഇവിടെ ആയിരിക്കും എന്ന്…

സാലി പറഞ്ഞു

സണ്ണി ചാച്ചൻ എന്തിയേ.?

. സെബാസ്റ്റ്യൻ ചോദിച്ചു

ഇച്ചായനും ചേട്ടായിയും കൂടി എങ്ങോട്ടോ പോയി

ആനി പറഞ്ഞു

എങ്ങോട്ടോ പോയെന്നോ.? എങ്ങോട്ടാ ബിവറേജിൽ അല്ലാതെ എങ്ങോട്ട്?

സാലി പറഞ്ഞു

ചായ ഇരിപ്പുണ്ടോ കൊച്ചേ…? ഉണ്ടേൽ കുറച്ചും ഇങ്ങു താ

ആനി സെബാസ്റ്റ്യന്റെ കൈയ്യിലെ ചായ നോക്കി അവളോട് ചോദിച്ചു

ഇല്ല ഞാൻ ഇപ്പോൾ ഇടാം ആന്റി…

അവൾ പറഞ്ഞു..

ഇല്ലെങ്കിൽ വേണ്ട, ഉണ്ടെങ്കിൽ ശകലം എടുക്കാൻ പറഞ്ഞത് ആണ്.

ഞാനിപ്പോ ഇടാം ആന്റി…

അതും പറഞ്ഞു അവൾ അകത്തേക്ക് പോയപ്പോൾ സെബാസ്റ്റ്യൻ അവളെ ഒന്ന് നോക്കിയിരുന്നു…

അവളും അത് കണ്ടു.

തിരിഞ്ഞ് അവൾ നോക്കിയപ്പോൾ അവൻ വീണ്ടും ആ ചായ ക്ലാസ് ഒന്ന് സിപ്പ് ചെയ്ത് കണ്ണുചിമ്മി അവളെ കാണിച്ചു.

അവളുടെ ചുണ്ടിൽ വിടർന്ന ഒരു പുഞ്ചിരി നിറഞ്ഞു.

സിനിയും അനുവും കൂടി അപ്പോഴേക്കും വന്നിരുന്നു. അനുവിന് സെബാസ്റ്റ്യനേ കാണുമ്പോഴെല്ലാം വല്ലാത്ത വേദനയാണ്. ലക്ഷ്മിയേയും സെബാസ്റ്റ്യനെയും ഒരുമിച്ച് കാണുന്നത് അവൾക്ക് ഇഷ്ടമല്ല.

ചേട്ടായി എന്തിനാ ഓടി പിടിച്ചു പോന്നത്

അവൾ വിഷമത്തോടെ സെബാസ്റ്റ്യന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.

ആ കൊച്ച് പരിചയമില്ലാത്ത ഒരിടത്ത് തന്നെ ഇരിക്കുകയല്ലേ, അപ്പോൾ അവന് അവിടെ എങ്ങനെയാ ഇരിക്കുന്നത്..?

മറുപടി പറഞ്ഞത് ആനിയാണ്…

സെബാസ്റ്റ്യൻ അതിനൊന്നും ചിരിച്ചു എന്ന് മാത്രം വച്ചു

നാളെ തൊട്ട് അവൾക്ക് മഠത്തിൽ പോകണ്ടേടാ.?

സാലി പടിയിലിരുന്നു കൊണ്ട് സെബാസ്റ്റ്യനോട് ആയി ചോദിച്ചു.

ആഹ് രാവിലെ തൊട്ട് പോണം.

എനിക്കും നാളെ തൊട്ട് പോണം. ഇനി പോകാതിരിക്കുന്നതെങ്ങനെയാ. നീയും പോകുന്നില്ലേ.?

സാലി ചോദിച്ചു

ഞാൻ നാളെ തൊട്ട് പോകുന്നുണ്ട്. അമ്മച്ചിയും പൊയ്ക്കോ. അവള് ക്ലാസ്സ് കഴിഞ്ഞ് വന്നോളും.

എവിടെയാ ഇറങ്ങേണ്ടത് എന്നൊക്കെ നീ പറഞ്ഞുകൊടുത്തിട്ടുണ്ടോ.?

അതൊക്കെ ഞാൻ പറഞ്ഞോളാം…

സെബാസ്റ്റ്യൻ അലസമായി പറഞ്ഞു

സിനിയും അനുവും മറ്റെന്തോ കാര്യങ്ങൾ സംസാരിക്കുകയാണ്.

ആനിയും സാലിയും അവിടുത്തെ ആഹാരത്തെപ്പറ്റി ഒക്കെ സംസാരിച്ചു കൊണ്ടിരിക്കുന്നു. എല്ലാവരും പല ലോകത്താണെന്ന് മനസ്സിലാക്കിയതും ചായ കുടിച്ചു കഴിഞ്ഞാ സെബാസ്റ്റ്യൻ അടുക്കളയിലേക്ക് ഗ്ലാസ്സുമായി പോയിരുന്നു.

അവൻ അകത്തേക്ക് കയറി പോകുന്നത് അനു കണ്ടിരുന്നു.
അടുക്കളയിൽ ചെന്നപ്പോൾ എല്ലാ ഗ്ലാസിലേക്കും ചായ പകർത്തുകയാണ് ലക്ഷ്മി..

അവൻ അവൾക്ക് പിന്നിൽ ചെന്ന് തൊട്ടു തൊട്ടില്ല എന്ന രീതിയിൽ നിന്നു.. കുനിഞ്ഞു നിന്ന് ചായ ഗ്ലാസ്സിലേക്ക് പകർന്നവൾ പെട്ടെന്ന് നിവർന്നപ്പോൾ തല ചെന്ന് ഇടിച്ചത് അവന്റെ തോളിലാണ്. മുന്നോട്ട് നീങ്ങാനും വയ്യാത്ത അവസ്ഥയിൽ ആയി ലക്ഷ്മി, പാതകത്തിൽ അത്രയും തട്ടി ആണ് നില്കുന്നത്.

അത്രയും തൊട്ടരികിൽ അവനെ കണ്ടതും അവൾ ഒന്ന് അമ്പരപ്പെട്ട് പോയിരുന്നു. പെട്ടെന്ന് ശരീരത്തിലേക്ക് ഒരു വിറയലും പരിഭ്രമവും ഒക്കെ കയറി വരുന്നത് അവളറിഞ്ഞു. അത് മനസ്സിലാക്കി എന്നോണം അവൻ പെട്ടെന്ന് കയ്യിലിരുന്ന ഗ്ലാസ്‌ സ്ലാബിന് പുറത്തേക്ക് വച്ചിരുന്നു. അതും അവളുടെ തോളിനു മുകളിലൂടെ കയ്യിട്ട്..! ഒരു വിരൽ ദൂരം ഇപ്പോൾ രണ്ടുപേരും തമ്മിലുള്ളു. അടിവയറ്റിൽ ഒരു തീഗോളം ഉയരുന്നത് അവൾ അറിഞ്ഞു.

നല്ല ചായയായിരുന്നു..!

അവളുടെ കാതോരം അവൻ പറഞ്ഞു, ശേഷം ചെറുചിരിയോടെ അവിടെയിരുന്ന രണ്ട് ഗ്ലാസുകളിൽ ഉള്ള ചായ എടുത്തു കൊണ്ട് പുറത്തേക്ക് പോയിരുന്നു.

അതിലൊന്ന് ആനിക്കും മറ്റൊന്ന് സാലിക്കും അവൻ തന്നെ കൊടുത്തു.. പുറകെ സിനിക്കും അനുവിനുമുള്ള ചായയുമായി അവളും വന്നിരുന്നു.

ഒരു കുസൃതി അപ്പോഴും അവന്റെ ചൂണ്ടിൽ ബാക്കിയായി ഉണ്ടെന്ന് അവൾക്ക് തോന്നി.

അവളെ കാണുമ്പോഴൊക്കെ കുസൃതിയായി ഇരുകണ്ണും ചിമ്മി കാണിക്കുന്നുണ്ട്.

നിനക്ക് വേണ്ടേ?

അവളുടെ മുഖത്തേക്ക് നോക്കി സാലിയാണ് ചോദിച്ചത്..

ഇപ്പോഴാണ് അവർ മുഖത്ത് നോക്കിയൊന്ന് സംസാരിക്കുന്നത് എന്ന് ലക്ഷ്മി ഓർത്തു. വല്ലാത്തൊരു സമാധാനം ആ നിമിഷം അവളിൽ നിറഞ്ഞിരുന്നു.

ഞാൻ കുടിച്ചിരുന്നു.!

സെബാസ്റ്റ്യന്റെ മുഖത്ത് നോക്കി ചിരിയോടെയാണ് അവൾ മറുപടി പറഞ്ഞത്. ആ നിമിഷം കുസൃതിയോടെ അവളെ നോക്കി പുരികം പൊക്കി അവൻ.

അവൾ ഒന്നും ഇല്ല എന്ന അർത്ഥത്തിൽ ഒന്ന് ചിരിച്ചു.

വളരെ സന്തോഷം നിറഞ്ഞ ഒരു വൈകുന്നേരം ആയിരുന്നു അതെന്ന് ലക്ഷ്മിക്കും തോന്നിയിരുന്നു..

തിരികെ വന്നതും എല്ലാവരും അവശരായിരുന്നു. ആനിയും സാലിയും അപ്പുറത്തെ മുറിയിലേക്ക് കിടക്കാൻ പോയപ്പോഴേക്കും സിമി കിടന്ന റൂമിലേക്ക് പോയി കിടന്നിരുന്നു അനു. സിനി തിരികെ അവളുടെ റൂമിലേക്ക് ഇരുന്ന് ലക്ഷ്മിയോട് കുറച്ചുനേരം സംസാരിച്ചു. സന്ദ്യയുടെ വീട്ടിലെ വിശേഷങ്ങളും ഒക്കെ ചോദിച്ച് കുറച്ച് സമയം നിന്നു.

അത് കഴിഞ്ഞപ്പോഴേക്കും സിനിക്കും ക്ഷീണം തോന്നി..

വല്ലാത്തൊരു യാത്രയായിരുന്നു ചേച്ചി. എനിക്കാണെങ്കിൽ തുണി ഒത്തിരി അലക്കാൻ കിടക്കുന്നു.

സിനി കിടന്നോ . ഞാൻ പോയി അലക്കിക്കോളാം.

അയ്യോ വേണ്ട ചേച്ചിയെ കൊണ്ട് എന്റെ തുണിയൊക്കെ അലക്കിപ്പിക്കുക എന്ന് പറഞ്ഞാൽ…

അങ്ങനെയൊന്നും കരുതേണ്ട, എന്റെ തുണി സിനി അലക്കി തന്നിട്ടില്ലേ.? നാളെ കോളേജിൽ പോകേണ്ടതല്ലേ കിടന്നോ?
എനിക്ക് ഏതായാലും കിടന്നാലും ഉറക്കം വരില്ല. ഇവിടെ വെറുതെ ഇരിക്കേണ്ടല്ലോ, ഞാൻ പോയി തുണി അലക്കിട്ട് വരാം…

ചേച്ചി തോട്ടിലൊന്നും പോണ്ടാട്ടോ. പിന്നിലെ പൈപ്പിൽ നിന്ന് വെള്ളം പിടിച്ച് തുണി അലക്കിയാൽ മതി..

ശരി

അവൾ അതും പറഞ്ഞു സിനിയുടെ തുണിയും അവളുടെ തുണിയും എല്ലാം എടുത്തുകൊണ്ട് പിന്നാമ്പുറത്തേക്ക് പോയിരുന്നു. തുണി അലക്കി കൊണ്ടിരിക്കുമ്പോൾ ആണ് കുളികഴിഞ്ഞ് ബാത്‌റൂമിന്റെ അകത്തുനിന്നും സെബാസ്റ്റ്യൻ വരുന്നത് കണ്ടത്.

കിടക്കായിരുന്നില്ലേ..?

അവൾക്ക് അരികിലേക്ക് വന്ന് തോർത്ത് പിഴിഞ്ഞ് അയയിലേക്ക് വിരിച്ചുകൊണ്ട് അവൻ ചോദിച്ചു.

എനിക്ക് പകൽ കിടന്നാൽ ഉറക്കം വരില്ല. അങ്ങനെ ശീലമില്ല..

അവൾ വസ്ത്രം കുടഞ്ഞ് വിരിക്കുന്നതിനിടയിൽ പറഞ്ഞു..

അവന്റെ കയ്യിൽ മുഷിഞ്ഞ ലുങ്കി കണ്ടപ്പോൾ അവൾ അല്പം മടിയോടെയെങ്കിലും അവനോട് പറഞ്ഞു..

തന്നേക്ക് ഞാൻ കഴുകി ഇട്ടേക്കാം..

വേണ്ട ഞാൻ കഴുകിക്കോളാം…

അത് തോളിൽ ഇട്ട് കൊണ്ട് അവൻ പറഞ്ഞു.

അധികാരപൂർവ്വം അവന്റെ തോളിൽ നിന്നും അവളത് എടുത്ത് സോപ്പ് വെള്ളത്തിൽ മുക്കിവച്ചു.. അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞു.

അതെ ഞാനൊരു കാര്യം ചോദിക്കട്ടെ…

അവൾക്കറരികിലേക്ക് നീങ്ങി നിന്നു…

ചേട്ടായി..!

അടുക്കള വാതിലിൽ വന്ന് നിന്ന് അനിഷ്ടത്തോടെ അനു വിളിച്ചപ്പോൾ അവൻ പെട്ടെന്ന് അവളുടെ അരികിൽ നിന്നും അല്പം മാറി അനുവിനെ ഒന്ന് നോക്കി…

എന്താടി…?

ആന്റി വിളിക്കുന്നു.!

താല്പര്യമില്ലാതെ അനു പറഞ്ഞിട്ട് അവിടെത്തന്നെ നിന്നപ്പോൾ താൻ ചെല്ലാതെ അവൾ പോകില്ലന്ന് സെബാസ്റ്റ്യന് മനസ്സിലായി. ലക്ഷ്മിയെ ഒന്ന് നോക്കി കണ്ണുകൾ കൊണ്ട് പോവാണെന്ന് പറഞ്ഞ് അവൻ അവൾക്ക് പിന്നാലെ നടന്നു…

ലക്ഷ്മി നന കഴിഞ്ഞ് കുളിയും കൂടി കഴിഞ്ഞാണ് പിന്നെ സിനിയുടെ മുറിയിലേക്ക് വന്നത്..

അവളപ്പോഴേക്കും ഒരു ഉറക്കം ഒക്കെ കഴിഞ്ഞ് എഴുന്നേറ്റ് കുളിക്കാൻ തയ്യാറായിരിക്കുകയാണ്. ലക്ഷ്മി അടുക്കളയിലേക്ക് ചെന്നപ്പോൾ പെട്ടെന്ന് മുറ്റത്തേക്ക് സെബാസ്റ്റ്യന്റെ വണ്ടി വരുന്നത് അവൾ കണ്ടു. ഇത് എപ്പോൾ പോയി എന്ന പോലെ അമ്പരന്ന് അവൾ അവനെ ഒന്ന് നോക്കി..

കയ്യിൽ ഒരു പച്ചക്കറി കിറ്റ് ഉണ്ട്. അത് അവളുടെ കയ്യിലേക്കാണ് അവൻ നീട്ടിയത്

അമ്മച്ചിയുടെ കൈയ്യിൽ കൊടുത്തേക്ക്

അവളോട് അവൻ പറഞ്ഞപ്പോൾ അവൾ അത് വാങ്ങി..

പിന്നെ ഇത് കൈവെച്ചൊ പോക്കറ്റിൽ നിന്നും കുറച്ച് കാശ് എടുത്ത് അവളുടെ കയ്യിൽ കൊടുത്തു..

ഇതെന്തിനാ.?

അവളാ പണത്തിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു..

വണ്ടിക്കൂലിയ്ക്കും അത്യാവശ്യം കാര്യങ്ങൾക്കും ഒക്കെ തന്റെ കയ്യിൽ ഒന്നും കാണില്ലല്ലോ. നാളെ തൊട്ട് ബസ്സിൽ ഒക്കെ പോണ്ടേ.?

രാവിലെ തന്നാൽ മതിയായിരുന്നു.

കുറച്ച് സമയം മുൻപ് തന്നു എന്നും പറഞ്ഞ് എന്തു പറ്റാനാ.? അവൻ അതും പറഞ്ഞ് അകത്തേക്ക് പോയപ്പോൾ അവൾ പച്ചക്കറിയുമായി അടുക്കളയിലേക്ക് ചെന്നിരുന്നു.

അവൻ വന്നോ.?

അവളുടെ കയ്യില് പച്ചക്കറി കണ്ടു സാലി അവളോട് ചോദിച്ചു.

ഇപ്പൊ വന്ന് കയറിയതേയുള്ളൂ അവൾ സാലിയോട് മറുപടിയും പറഞ്ഞു. ശേഷമാ പച്ചക്കറി കിറ്റ് സാലിയുടെ കയ്യിലേക്ക് കൊടുത്തു.

നീ കാച്ചിൽ കഴിക്കുമോ കൊച്ചേ.? അതോ നിനക്ക് വേറെ ചോറ് ഉണ്ടാക്കണോ.?

അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് സാലി ചോദിച്ചു..

ഞാൻ കഴിക്കും അമ്മേ.

എന്നാ പിന്നെ കാച്ചിൽ മതി. വേണേൽ കുറച്ച് കഞ്ഞിയും കൂടെ വെക്കാം. ആർക്കെങ്കിലും വിശക്കുന്നേൽ കഴിക്കട്ടെ, വേറൊന്നും ഉണ്ടാക്കാൻ വയ്യ

സാലി ആനിയോട് പറഞ്ഞു

പുറത്തുനിന്ന് എന്തെങ്കിലും വാങ്ങിക്കണോ.,? ഇന്നിനി ഒന്നും വയ്ക്കാൻ നിക്കണ്ട.

അടുക്കളയിലേക്ക് വന്ന സെബാസ്റ്റ്യൻ ചോദിച്ചു.

എന്നാ പിന്നെ നീ രണ്ടു പൊറോട്ടയോ വല്ലോം വാങ്ങിക്ക്…വൈകിട്ടത്തേക്ക്,

സാലി മടിയോടെ പറഞ്ഞു.

നീ മീൻ വല്ലോം വാങ്ങിച്ചോ.? നാളെ നിനക്ക് പോകണ്ടേ.?

സാലി പറഞ്ഞു

നാളെ പൊതി വേണ്ട..!

അവൻ പറഞ്ഞു

അതെന്താ..?

സാലി അവന്റെ മുഖത്തേക്ക് നോക്കി..

നാളെ ഞാൻ ഉച്ചയ്ക്ക് ഉണ്ണാൻ വരും…

അവനത് പറഞ്ഞതും അവളുടെ കണ്ണുകൾ ഒന്ന് വിടർന്നു. അവൻ കൃത്യമായി അത് കാണുകയും ചെയ്തു….തുടരും

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!