പൂനെയിൽ നിർത്തിയിട്ട ബസിൽ യുവതിയെ ബലാത്സംഗം ചെയ്തു; പ്രതിക്കായി ഊർജിത തെരച്ചിൽ

പൂനെയിൽ നിർത്തിയിട്ട ബസിനുള്ളിൽ യുവതിയെ ബലാത്സംഗം ചെയ്തു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ദത്താത്രേയ രാംദാസ് ഗാഡെ എന്നയാളാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾക്കായി അന്വേഷണം തുടരുകയാണ്. എട്ട് പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്
പോലീസ് സ്റ്റേഷന് 100 മീറ്റർ മാത്രം അകലെയുള്ള ബസ് സ്റ്റാൻഡിൽ വെച്ചാണ് അതിക്രമം നടന്നത്. സ്റ്റാൻഡിലേക്ക് എത്തിയ യുവതിയോട് എങ്ങോട്ടേക്കാണ് പോകേണ്ടതെന്ന് പ്രതി ചോദിക്കുകയും നിർത്തിയിട്ട ബസ് അങ്ങോട്ടേക്കാണ് പോകുന്നത് പറയുകയും ചെയ്തു. ബസിൽ വെളിച്ചമില്ലല്ലോ എന്ന് പറഞ്ഞപ്പോൾ യാത്രക്കാർ ഉറങ്ങുന്നതിനാൽ ലൈറ്റ് ഓഫ് ചെയ്ത് വെച്ചതാണെന്ന് പ്രതി കള്ളം പറഞ്ഞു
യുവതി ബസിനുള്ളിൽ കയറിയതോടെ പിന്നാലെ കയറിയ പ്രതി വാതിൽ അടയ്ക്കുകയും യുവതിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതി രക്ഷപ്പെട്ടു. ബസിൽ നിന്നിറങ്ങിയ യുവതി സുഹൃത്തിനെ കാണുകയും ഇവരുമൊത്ത് പോലീസ് സ്റ്റേഷനിൽ പോയി പരാതിപ്പെടുകയുമായിരുന്നു.