സർക്കാരിനെതിരെ യുഡിഎഫിന്റെ സമരപരമ്പര; മാർച്ച് 5ന് നോ ക്രൈം നോ ഡ്രഗ്സ് പേരിൽ ഉപവാസ സമരം

സർക്കാരിനെതിരെ സമര പരമ്പരയുമായി യുഡിഎഫ്. സംസ്ഥാനത്ത് വർധിച്ചു വരുന്ന കൊലപാതകങ്ങൾക്കും ലഹരി വ്യാപനത്തിനുമെതിരെ മാർച്ച് അഞ്ചിന് സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവാസം നടത്തുമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ അറിയിച്ചു. നോ ക്രൈം നോ ഡ്രഗ്സ് എന്ന മുദ്രവാക്യമുയർത്തിയാണ് ഉപവാസ സമരം
മാർച്ച് 13ന് എസ് സി, എസ് ടി ഫണ്ടുകൾ വെട്ടിക്കുറച്ചതിനും ന്യൂനപക്ഷ ഫണ്ട് കുറച്ചതിനുമെതിരെ കൊച്ചിയിൽ പ്രതിഷേധം സംഘടിപ്പിക്കും. ഏപ്രിൽ 4ന് കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്ക് മുന്നിലും രാപ്പകൽ സമരം നടത്തും. ഏപ്രിൽ 10ന് മലയോര കർഷകരെ അണിനിരത്തി മലയോര ജില്ലകളിൽ ഫോറസ്റ്റ് ഓഫീസ് മാർച്ച് നടത്തും
പ്രതിപക്ഷ നേതാവ് നയിക്കുന്ന തീരദേശ യാത്ര ഏപ്രിൽ 21 മുതൽ 30 വരെ നടക്കും. കാസർകോട് നെല്ലിക്കുന്ന് മുതൽ തിരുവനന്തപുരം വിഴിഞ്ഞം വരെയാണ് തീരദേശയാത്ര. യുഡിഎഫ് ജില്ലാ തലത്തിലും പഞ്ചായത്ത് തലത്തിലും പ്രതിഷേധ പരിപാടികൾ നടത്തും.