
ദോഹ: റമദാന്‍ ദിനങ്ങളില്‍ ഖത്തറിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് 5 മണിക്കൂര്‍ മാത്രമായിരിക്കും പ്രവര്‍ത്തി സമയം. രാവിലെ 9 മുതല്‍ ഉച്ച രണ്ടുപേരെ ആയിരിക്കും പ്രവര്‍ത്തിസമയമെന്ന് കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. ഇന്നലെയാണ് ഖത്തര്‍ ഔദ്യോഗികമായി സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി സമയം പ്രഖ്യാപിച്ചത്.
വിവിധ സ്ഥാപനങ്ങള്‍ക്ക് അവരുടെ താല്‍പര്യത്തിനും സൗകര്യത്തിനും അനുസരിച്ച് അഞ്ചുമണിക്കൂര്‍ എന്നത് ഫ്‌ളക്‌സിബിള്‍ ആയി ചെയ്യാന്‍ അനുമതിയുണ്ട്. ഒരു സ്ഥാപനം രാവിലെ 10നാണ് തുടങ്ങുന്നത് എങ്കില്‍ മൂന്നു മണിക്കൂര്‍ വരെയാണ് പ്രവര്‍ത്തിക്കേണ്ടത്. മൊത്തം ജോലിക്കാരില്‍ 30 ശതമാനത്തില്‍ കൂടാത്ത നിലയില്‍ റിമോട്ട് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനും അനുവദിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാവിലെ 8:30 മുതല്‍ ഉച്ച 12 വരെ ആയിരിക്കും പ്രവര്‍ത്തിക്കുക. സ്‌കൂളുകളും കിന്‍ഡര്‍ ഗാര്‍ഡുകളും എല്ലാം ഇതിന്റെ പരിധിയില്‍ വരുമെന്ന് ഖത്തര്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ അധ്യാപകരും ജീവനക്കാരും എട്ടര മണിക്ക് വന്നാല്‍ ഉച്ച 12.30 വരെ തങ്ങളുടെ സ്ഥാപനങ്ങളില്‍ ഉണ്ടായിരിക്കണം.