പത്താം ക്ലാസ് സെന്റോഫിന് സ്കൂളിൽ ബിഎംഡബ്ല്യു കാറുമായി അഭ്യാസ പ്രകടനം; 19 കാരനെതിരെ കേസ്

പത്തനംതിട്ട: കോന്നി റിപ്പബ്ലിക്കൻ ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ യാത്രയയപ്പ് ചടങ്ങുമായി ബന്ധപ്പെട്ട് ബി എം ഡബ്ല്യു കാറുമായെത്തി അഭ്യാസ പ്രകടനം നടത്തിയ 19 കാരനെതിരെ കേസ്. വിദ്യാർത്ഥികൾ വാടകയ്ക്ക് എടുത്ത കാർ ഓടിച്ചുകയറ്റി മുറ്റത്ത് വട്ടത്തിൽ ഓടിച്ച് പൊടിപറത്തി അഭ്യാസ പ്രകടനം നടത്തിയ ഡ്രൈവർ ചീങ്കൽ തടം മണ്ണാറക്കുളഞ്ഞി വാഴക്കുന്നത്ത് ജോ സജി വർഗീസ് (19) ആണ് കോന്നി പൊലീസിന്റെ പിടിയിലായത്.
പ്രതി വിദ്യാർത്ഥിയല്ല. വിവാഹം പോലെയുള്ള ചടങ്ങുകൾക്ക് ഇത്തരം കാറുകൾ വാടകയ്ക്ക് കൊടുക്കുമ്പോൾ ഡ്രൈവർ ആയി പോകുന്നയാളാണ്. വാഹനം മറ്റൊരാളുടെയാണ് എന്നാണ് പ്രതി പറഞ്ഞ്. ഇയാളെ കുട്ടികൾ വിളിച്ചുകൊണ്ടുവന്നതാണ്.
അധ്യാപകർ അറിയിച്ചതു പ്രകാരമാണ് പൊലീസ് സ്കൂളിലെത്തി കാറും ഡ്രൈവറെയും കസ്റ്റഡിയിൽ എടുത്തത്. കോന്നി ഡിവൈഎസ്പി ടി രാജപ്പന്റെ നിർദേശ പ്രകാരം പൊലീസ് ഇൻസ്പെക്ടർ പി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.