കണ്ടയുടനെ മുത്തശ്ശിയുടെ തലയ്ക്കടിച്ചു, മാല എടുത്ത് തിരികെ വന്നു: അഫാന്റെ മൊഴി പുറത്ത്

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ പ്രതി അഫാൻ പോലീസിന് നൽകിയ മൊഴി പുറത്ത്. മുത്തശ്ശി സൽമ ബീവിയോട് ഒരു വാക്ക് പോലും സംസാരിക്കാൻ നിൽക്കാതെ കണ്ടയുടൻ തലയ്ക്കടിച്ചെന്ന് ഇയാൾ പറഞ്ഞു. നിരന്തരം കുറ്റപ്പെടുത്തി സംസാരിച്ചതാണ് മുത്തശ്ശിയോടുള്ള പ്രതികാരത്തിന് കാരണം. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഉമ്മയാണെന്ന് സൽമാ ബീവി എപ്പോഴും കുറ്റപ്പെടുത്തുമായിരുന്നു
അഫാന്റെ അറസ്റ്റിന് മുമ്പ് നടന്ന ചോദ്യം ചെയ്യലിൽ പാങ്ങോട് സിഐയോടാണ് വെളിപ്പെടുത്തൽ. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് പാങ്ങോടുള്ള സൽമ ബീവിയുടെ വീട്ടിലെത്തിയത്. ഉമ്മയെ കുറ്റപ്പെടുത്തുന്നത് തനിക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല. ഇതേ ചൊല്ലി മുത്തശ്ശിയുമായി എപ്പോഴും വഴക്കിടുമായിരുന്നുവെന്നും അഫാൻ മൊഴി നൽകി
രാവിലെ ഉമ്മയെ ആക്രമിച്ച ശേഷം നേരെ സൽമാ ബീവിയുടെ വീട്ടിലേക്ക് പോയത് അതാണ്. ഉമ്മ മരിച്ചെന്നാണ് കരുതിയത്. അമ്മൂമ്മയുടെ വീട്ടിലെത്തിയ ഉടൻ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു. തുടർന്ന് ഒന്നര പവന്റെ മാല എടുത്തു വന്നു. ഈ മാല പണയം വെച്ച് 74,000 വാങ്ങി. ഇതിൽ 40000 രൂപ കടം വീട്ടാൻ ഉപയോഗിച്ചെന്നും അഫാൻ മൊഴി നൽകി.