റിയാദ് മെട്രോ: ഗസര്‍ അല്‍ ഹുഖും ഡൗണ്‍ ടൗണ്‍ സ്റ്റേഷനില്‍ വന്‍ തിരക്ക്

റിയാദ്: റിയാദിലെ നാല് പ്രധാനപ്പെട്ട മെട്രോ സ്റ്റേഷനുകളില്‍ ഉള്‍പ്പെടുന്ന ഗസര്‍ അല്‍ ഹുഖും ഡൗണ്‍ ടൗണ്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് റിപ്പോര്‍ട്ട്. റിയാദിലെ ഭരണ നിര്‍വഹണ കേന്ദ്രങ്ങള്‍, ചരിത്രപരമായ മാര്‍ക്കറ്റുകള്‍, കൊട്ടാരങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്കെല്ലാം പോകാനാവുന്ന സുപ്രധാനമായ സ്റ്റേഷനാണെന്നതാണ് തിരക്ക് വര്‍ധിക്കാന്‍ ഇടയാക്കുന്നത്. കഴിഞ്ഞ ദിവസമാണ് സ്‌റ്റേഷന്‍ യാത്രക്കാര്‍ക്കായി റിയാദ് മെട്രോ അതോറിറ്റി തുറന്നുകൊടുത്തത്.
22,500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയും 88,000 ചതുരശ്ര മീറ്റര്‍ കെട്ടിട പ്രതലത്തിലും ഏഴ് നിലകളില്‍ എല്ലാ വിധ ആധുനിക സജ്ജീകരണങ്ങളോടെയുമാണ് ഈ സ്റ്റേഷന്‍ ഉപരിതലത്തില്‍ നിന്നും 35 മീറ്റര്‍ ഭൂമിക്കടിയില്‍ സാക്ഷാത്കരിച്ചിരിക്കുന്നത്. 17 ഇലക്ട്രിക് എലിവേറ്ററുകളും 46 എസ്‌കലേറ്ററുകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. സല്‍മാനി വാസ്തുവിദ്യയില്‍നിന്ന് പ്രചോദനം കൊണ്ടുള്ള രൂപകല്പനയാണ് സ്റ്റേഷനെ വ്യത്യസ്തമാക്കുന്നത്. മെട്രോയുടെ ഓറഞ്ച്, നീല ലൈനുകളെ ബസ് സര്‍വീസുമായി ബന്ധിപ്പിക്കുന്ന സുപ്രധാന കേന്ദ്രം കൂടിയാണ് ഈ മെട്രോ സ്റ്റേഷന്‍ എന്നതാണ് തിരക്ക് കൂടാനും കൂടുതല്‍ ആളുകള്‍ ഈ സ്‌റ്റേഷന്‍ ഉപയോഗിക്കാനും ഇടയാക്കുന്നത്.