അതൃപ്തി ഇല്ല, തൃപ്തി കുറേക്കാലമായി ഇല്ല; ഡൽഹി യോഗത്തിൽ പങ്കെടുക്കാതെ മുരളീധരൻ

കേരളത്തിലെ വിഷയങ്ങൾ ചർച്ച ചെയ്യാൻ ഡൽഹിയിൽ ഹൈക്കമാൻഡ് വിളിച്ച യോഗത്തിൽ പങ്കെടുക്കാതെ കെ മുരളീധരൻ. കടൽമണൽ ഖനനത്തിന് എതിരായ സമരജാഥയിൽ പങ്കെടുക്കുന്നതിനാലാണ് യോഗത്തിന് പോകാത്തതെന്ന് മുരളീധരൻ പറഞ്ഞു. അതൃപ്തിയാണോ കാരണമെന്ന ചോദ്യത്തിന് തൃപ്തിയുള്ളവർക്കല്ലേ അതൃപ്തിയുണ്ടാകൂവെന്നായിരുന്നു മുരളിയുടെ മറുപടി
അതൃപ്തി ഒട്ടുമില്ല. തൃപ്തി കുറേക്കാലമായി ഇല്ല. പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വോട്ട് വാങ്ങിയാണ് നിയമസഭയിലും പാർലമെന്റിലുമൊക്കെ ഞാൻ പോയത്. അവർക്ക് ഒരു ആപത്ത് വരുമ്പോൾ അവരുടെ കൂടെ നിൽക്കേണ്ട ബാധ്യത തനിക്കുണ്ട്
കെ സുധാകരൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറേണ്ട സാഹചര്യമില്ല. അദ്ദേഹം തെരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചതാണ്. തെരഞ്ഞെടുപ്പ് ജയിക്കാൻ ആരോഗ്യമുണ്ടല്ലോ. പിന്നെ എന്തിനാണ് പ്രസിഡന്റ് ആകാൻ ആരോഗ്യമില്ല എന്ന് പറയുന്നതെന്നും മുരളീധരൻ ചോദിച്ചു