കെ സുധാകരന്റെ കസേര തല്‍ക്കാലം തെറിച്ചില്ല; കെപിസിസി അധ്യക്ഷനായി തുടരും: ലക്ഷ്യം കേരള ഭരണം

കെ പി സി സി അധ്യക്ഷനായി കെ സുധാകരന്‍ തുടരും. ഡല്‍ഹിയിലെ എ ഐ സി സി ആസ്ഥാനത്ത് ഹൈക്കമാൻഡ് വിളിച്ച് ചേർത്ത കേരള നേതാക്കളുടെ പ്രത്യേക യോഗത്തിലാണ് തീരുമാനമുണ്ടായത്. കേരളത്തിലെ പാർട്ടി തലപ്പത്ത് മാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെയായിരുന്നു ഡല്‍ഹിയിലെ യോഗം. സുധാകരന്‍ പദവി ഒഴിയുകയാണെങ്കില്‍ മുന്‍ യു ഡി എഫ് കണ്‍വീനർ ബെന്നി ബഹനാന്റെ പേര് ഒരു വിഭാഗം ശക്തമായി മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് അടക്കം വരാനിരിക്കുന്ന സാഹചര്യത്തില്‍ ആരേയും പിണക്കിക്കൊണ്ടുള്ള തീരുമാനത്തിലേക്ക് പോകാതെ തല്‍ക്കാലം സുധാകരന്‍ തന്നെ തുടരട്ടേയെന്ന തീരുമാനത്തിലേക്ക് എ ഐ സി സി നേതൃത്വം എത്തി.
കെ പി സി സി അധ്യക്ഷ പദവിക്ക് കെ സുധാകരന്‍ യോഗ്യനാണെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില പരിഗണിച്ച് മാറ്റം വേണമെന്ന നിർദേശം കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി ഹൈക്കമാന്‍ഡിനെ അറിയിച്ചതായുള്ള റിപ്പോർട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ ഒരു വിഭാഗം നേതാക്കള്‍ നേതൃമാറ്റം ആവശ്യമില്ലെന്ന നിലപാടില്‍ ഉറച്ച് നിന്നത് സുധാകരന് ഗുണപരമായി മാറി.
അതേസമയം, കേരളത്തിലെ പാർട്ടി നേതൃത്വം ഒറ്റക്കെട്ടാണെന്ന് യോഗ ശേഷം നേതാക്കള്‍ അഭിപ്രായപ്പെട്ടു. ‘ഇന്നത്തെ യോഗത്തിന്റെ ഏറ്റവും വലിയ നേട്ടം എന്ന് പറയുന്നത് ആ മുറിയിലുണ്ടായ ഐക്യത്തിന്റെ സന്ദേശമാണ്. അവിടെ ഇരുന്ന ഓരോ കോണ്‍ഗ്രസ് നേതാവും കാലഘട്ടത്തിന്റെ പ്രാധാന്യം തീർത്തും ഉള്‍ക്കൊണ്ടുകൊണ്ട് വരുന്ന പഞ്ചായത്ത്-മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും യു ഡി എഫിനെ വിജയിപ്പിക്കുക എന്നുള്ളത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് മനസ്സിലാക്കി പ്രവർത്തിക്കുകയെന്ന തീരുമാനം എടുത്താണ് പിരിഞ്ഞത്’ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസിന് അകത്ത് സമ്പൂർണ്ണ ഐക്യമുണ്ടാകാനുള്ള ആഹ്വാനമാണ് ഹൈക്കമാന്‍ഡ് നേതാക്കള്‍ക്ക് നല്‍കിയത്. ആ ആഹ്വാനം ശിരസ്സാവഹിച്ചുകൊണ്ട് എല്ലാവരും മുന്നോട്ട് പോകുന്നു. കേരളത്തില്‍ ജനവിരുദ്ധമായ ഒരു സർക്കാറുണ്ട്. ആ സർക്കാറിനെ താഴെയിറക്കുകയെന്ന ഒറ്റ ലക്ഷ്യം മാത്രമാണ് വരുന്ന ഒരു വർഷക്കാലം ഓരോ കോണ്‍ഗ്രസുകാരനേയും നയിക്കുക. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യത്യസ്തമായ പ്രസ്താവനകള്‍ നടത്താന്‍ ആർക്കും അനുവാദം ഉണ്ടാകില്ല. എല്ലാ കാര്യങ്ങളും പരസ്പരം ആലോചിച്ചുകൊണ്ട് ഒരു കളക്ടീവ് ലീഡർഷിപ്പിലൂടെ മുന്നോട്ട് പോകാനാണ് പാർട്ടി തീരുമാനമെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേർത്തു.